റിയാദ് : ഹജ് ഉംറ തീർഥാടകർക്ക് പുണ്യനഗരങ്ങളിൽ ചൂടിൽനിന്ന് ആശ്വാസമേകാൻ ഹജ്, ഉംറ ചാരിറ്റി അസോസിയേഷൻ ‘ഹദിയ്യ’ ‘പോർട്ടബിൾ എസി’ സംരംഭം ആരംഭിച്ചു. ഈ വർഷം ഹജിനും ഉംറക്കുമെത്തുന്ന തീർഥാടകർക്കാണ് ഹദിയ്യ നൂതന ഉപകരണം വിതരണം ചെയ്യുന്നത്. ഹജിനും ഉംറക്കും മദീന സന്ദർശനത്തിനുമെത്തുന്ന തീർഥാടകർക്ക് ഗുണനിലവാരമുള്ള സംരംഭങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ഹദിയ്യ പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് പോർട്ടബിൾ എയർ കണ്ടീഷണർ നൽകുന്നതെന്നും സിഇഒ എൻജിനീയർ തുർക്കി അൽഹതീർശി അറിയിച്ചു. നാലു മണിക്കൂർ ചാർജ് ചെയ്താൽ 12 മണിക്കൂർ പ്രവർത്തിപ്പിക്കാൻ ശേഷിയുണ്ട്.
വളരെ പെട്ടെന്ന് തണുപ്പിക്കാൻ ശേഷിയുണ്ട്. മൂന്നിരട്ടി തണുപ്പിക്കൽ ശേഷിയുള്ള സ്മാർട്ട് കൺട്രോൾ യൂണിറ്റാണ് ഇതിനുളളത്. എല്ലാ സീസണുകൾക്കും അനുയോജ്യമായ രീതിയിൽ ഫാൻ, ഹീറ്റർ എന്നിവയായും ഇതുപയോഗിക്കാം. ജോഗിംഗ് മുതൽ ഹൈക്കിംഗ് വരെയുള്ള വിവിധ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ കഴുത്തിൽ ഉറച്ചുനിൽക്കാൻ സാധിക്കുന്ന വിധമാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.
240 ഗ്രാം മാത്രം ഭാരമുളള ഈ പോർട്ടബിൾ എസി തീർഥാടകർക്ക് കൊണ്ടുനടക്കാൻ അനുയോജ്യമാണ്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്യുകയെന്നും നേരത്തെ ജിദ്ദയിൽ നടന്ന ഹജ് ഉംറ എക്‌സ്‌പോയിൽ സേവനമേഖലയിലെ 18 കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും സിഇഒ പറഞ്ഞു.