കുവൈത്ത് സിറ്റി : രാജ്യത്ത് ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട് അറസ്റ്റിലായത് ഐ.എസ് ഭീകരരാണെന്നും ഇവര്‍ ശിയാ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട മൂന്നു അറബ് വംശജരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചെങ്കിലും ഏതു രാജ്യക്കാരാണ് അറസ്റ്റിലായതെന്നോ ഏതു ഭീകര സംഘടനയില്‍ പെട്ടവരാണ് ഇവരെന്നോ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നില്ല.
ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രാലയ പ്രഖ്യാപനം, എല്ലാവരും ദേശീയൈക്യം മുറുകെ പിടിക്കണമെന്നും രാജ്യവും കുവൈത്തിലെ സ്ഥിരതയും കാത്തുസൂക്ഷിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനുള്ള ശ്രമങ്ങളെ നേരിടണമെന്നും ആവശ്യപ്പെടുന്നതായി കുവൈത്തി എം.പി ഡോ. ജിനാന്‍ ബൂശഹ്‌രി പറഞ്ഞു. തുനീഷ്യന്‍ പൗരന്മാരാണ് അറസ്റ്റിലായതെന്നും ഇവരെ അന്വേഷണ വിധേയമായി 21 ദിവസം തടവിലിടാനും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടതായും അല്‍ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിരോധിത ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്ന് കുവൈത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതായി പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനു മുന്നോടിയായി കുവൈത്തിലെ ശിയാക്കളുടെ ഏതാനും ആരാധനാലയങ്ങള്‍ മൂന്നാഴ്ച രഹസ്യമായി നിരീക്ഷിച്ചതായും കുവൈത്തില്‍ ശിയാക്കള്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ ഐ.എസില്‍ നിന്ന് ഉത്തരവുകള്‍ ലഭിച്ചതായും പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുവൈത്തില്‍ തൊഴില്‍ വിസയുള്ള മൂവരുടെയും താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഐ.എസുമായുള്ള പങ്കാളിത്തവും ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
2015 ജൂണ്‍ 26 ന് വിശുദ്ധ റമദാനില്‍ ജുമുഅ നമസ്‌കാരത്തിനിടെ കുവൈത്തിലെ അല്‍സ്വവാബിര്‍ ഏരിയയില്‍ ശിയാക്കളുടെ ഇമാം അല്‍സ്വാദിഖ് മസ്ജിദില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗദി യുവാവ് ഫഹദ് സുലൈമാന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ഖബാഅ് ആണ് ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ശിയാ മസ്ജിദില്‍ ഭീകരാക്രമണം നടത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിന്നീട് അറിയിച്ചു. ഈ ആക്രമണത്തില്‍ പങ്കുള്ള മറ്റൊരു ഐ.എസ് ഭീകരനെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വവും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ടയാളാണ് അറസ്റ്റിലായത്. ഈ ഭീകരനെ 2023 ജൂലൈ 26 ന് വധശിക്ഷക്ക് വിധേയനാക്കിയിരുന്നു.