റിയാദ് : സുലൈമാന്‍ അല്‍ഹബീബ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ 30 ശതമാനം തോതില്‍ ഉയര്‍ന്നതോടെ ഡോ. സുലൈമാന്‍ അല്‍ഹബീന്റെ സമ്പത്ത് 1,200 കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനാഢ്യനായി ഇദ്ദേഹം മാറി. സുലൈമാന്‍ അല്‍ഹബീബ് ഗ്രൂപ്പില്‍ 40 ശതമാനം ഉടമസ്ഥാവകാശമാണ് ഡോ. സുലൈമാന്‍ അല്‍ഹബീബിനുള്ളത്. ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഉയര്‍ന്നതോടെ ബ്ലൂംബെര്‍ഗ് സൂചികയില്‍ ലോകത്തെ ഏറ്റവും ധാനാഢ്യനായ അഞ്ചാമത്തെ ഭിഷഗ്വരനായി ഡോ. സുലൈമാന്‍ അല്‍ഹബീബ് മാറിയതായി ബ്ലൂംബെര്‍ഗ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
1993 ല്‍ ഒരു ക്ലിനിക്കില്‍ നിന്ന് ബിസിനസ് പ്രയാണം ആരംഭിച്ച ഡോ. സുലൈമാന്‍ അല്‍ഹബീബ് പിന്നീട് തന്റെ ക്ലിനിക്കിനെ സൗദിയിലും യു.എ.ഇയിലും ബഹ്‌റൈനിലും 22 ആശുപത്രികളും 22 ഫാര്‍മസികളുമുള്ള കമ്പനിയാക്കി മാറ്റുകയായിരുന്നു. ഗ്രൂപ്പിനു കീഴില്‍ പത്തു ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും നിര്‍മാണ ഘട്ടത്തിലാണ്.
മറ്റു കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് ആസ്തികളും ഇദ്ദേഹത്തിന്റെ ഗ്രൂപ്പിനു കീഴിലുണ്ട്. 1977 ല്‍ റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മെഡിസിനില്‍ ബിരുദം നേടിയ ഡോ. സുലൈമാന്‍ അല്‍ഹബീബ് 1984 ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്ന് പീഡിയാട്രിക് ഫെലോഷിപ്പ് പൂര്‍ത്തിയാക്കി. റിയാദിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ ചീഫ് ഫിസിഷ്യനും പീഡിയാട്രിക്‌സ് വിഭാഗം തലവനുമായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു.