കുവൈറ്റ് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ മാർഗനിർദേശത്തിന് അനുസൃതമായാണ് മാറ്റമുണ്ടാകുകയെന്നും റിപ്പോർട്ടിലുണ്ട്. കുവൈത്തിൽ അടുത്ത ഞായറാഴ്ച (ജനുവരി-28) മുതൽ ആശ്രിത വിസ അനുവദിക്കുന്നത് കടുത്ത നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. കുവൈത്തിൽ ദീർഘകാലമായി ആശ്രിത വിസകൾ അനുവദിച്ചിരുന്നില്ല.
പുതുക്കിയ ചട്ടങ്ങൾ പാലിച്ച് ആശ്രിത വിസക്ക് അപേക്ഷിക്കുന്നവർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കണം. അപേക്ഷ നൽകുന്നവരുടെ ശമ്പള പരിധി 800 ദിനാറായി ഉയർത്തി. അപേക്ഷകർ യൂണിവേഴ്‌സിറ്റി ബിരുദധാരികൾ ആയിരിക്കണം. ജോലിയെടുക്കുന്നത് അവരുടെ അക്കാദമിക് യോഗ്യതകളുമായി പൊരുത്തപ്പെടുന്നതാകണമെന്നുമാണ് വ്യവസ്ഥ. ഉയർന്ന ശമ്പളത്തിലും തസ്തികയിലും ജോലി ചെയ്യുന്നവർക്ക് മാത്രമേ ആശ്രിത വിസയുടെ ഉപകാരം ലഭ്യമാകൂ.
കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നതിൽ മാറ്റം ഉണ്ടാകും
