ദോഹ : ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഖത്തർ വിരുദ്ധ പ്രസ്താവനയെ അതിശക്തമായി അപലപിച്ച് ഖത്തർ. നിലവിലെ ഗാസ സംഘർഷത്തിൽ ഖത്തറിന്റെ മധ്യസ്ഥ പങ്ക് പ്രശ്‌നമാണെന്നാണ് നെതന്യാഹു പ്രസ്താവിച്ചത്. ഗാസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായിലികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് നവംബറിൽ ഒരാഴ്ച നീണ്ട വെടിനിർത്തലിന് അമേരിക്കക്കും ഈജിപ്തിനുമൊപ്പം മധ്യസ്ഥത വഹിച്ച ഖത്തറിന്റെ പങ്കിൽ നെതന്യാഹു സംശയം പ്രകടിപ്പിച്ചത്. നവംബറിലെ വെടിനിർത്തലിനിടെ നൂറോളം ഇസ്രായിലി ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു.
ഐക്യരാഷ്ട്ര സഭയിൽ നിന്നോ റെഡ് ക്രോസിൽ നിന്നോ അടിസ്ഥാനപരമായി വ്യത്യാസമില്ലാത്ത, എന്നാൽ അതിൽ കൂടുതൽ പ്രശ്‌നക്കാരായ ഖത്തറിനോട് ഞാൻ നന്ദി പറയുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത് – ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ നെതന്യാഹു പറഞ്ഞു. ഖത്തറിന്റെ കാര്യത്തിൽ എനിക്ക് മിഥ്യാധാരണകളൊന്നുമില്ല. ഖത്തറിന് ഹമാസിനു മേൽ സമ്മർദം ചെലുത്താൻ മാർഗങ്ങളുണ്ട്, കാരണം ഖത്തറാണ് ഹമാസിന് സാമ്പത്തിക സഹായം നൽകുന്നത് -ഇസ്രായിലിലെ ചാനൽ 12-ന് ലഭിച്ച ഓഡിയോ റെക്കോർഡിംഗിൽ നെതന്യാഹു പറഞ്ഞു. ഖത്തറിലെ അമേരിക്കൻ സൈനിക സാന്നിധ്യം പത്തു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാനുള്ള അമേരിക്കൻ തീരുമാനത്തിൽ നെതന്യാഹു കടുത്ത രോഷവും പ്രകടിപ്പിച്ചു.
ഖത്തർ മധ്യസ്ഥശ്രമത്തെ കുറിച്ച് വ്യത്യസ്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇസ്രായിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ അതിശക്തമായി അപലപിക്കുന്നതായി, ഇതിനോട് പ്രതികരിച്ച് ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ പ്രസ്താവനകൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ, അവ നിരുത്തരവാദപരവും നിരപരാധികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതുമാണെന്ന് ഖത്തർ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
ഗാസയിൽ ശേഷിക്കുന്ന 130 ലേറെ ഇസ്രായിലി ബന്ദികളുടെ മോചനത്തിനും ഗാസയിൽ സാധാരണക്കാർക്ക് കൂടുതൽ റിലീഫ് വസ്തുക്കൾ എത്തിക്കാനും അവസരമൊരുക്കാൻ ശ്രമിച്ച് ഗാസയിൽ പുതിയ വെടിനിർത്തൽ നടപ്പാക്കാൻ ഖത്തറും ഈജിപ്തും അമേരിക്കയും നിലവിൽ മധ്യസ്ഥശ്രമങ്ങൾ നടത്തിവരികയാണ്. ഇസ്രായിൽ പ്രധാനമന്ത്രിയുടെതായി പ്രചരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് വ്യക്തമായാൽ, ജീവൻ രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിനു പകരം ഇടുങ്ങിയ രാഷ്ട്രീയ കാരണങ്ങളാൽ ഇസ്രായിൽ പ്രധാനമന്ത്രി മധ്യസ്ഥശ്രമങ്ങളെ തുരങ്കം വെക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി മാജിദ് അൽഅൻസാരി പറഞ്ഞു. അമേരിക്കയുമായുള്ള ഖത്തറിന്റെ തന്ത്രപരമായ ബന്ധത്തിൽ നെതന്യാഹു ബേജാറാകരുതെന്നും മാജിദ് അൽഅൻസാരി പറഞ്ഞു.
മധ്യപൗരസ്ത്യദേശത്തെ യു.എസ് സെൻട്രൽ കമാണ്ട് (സെന്റ്‌കോം) ആസ്ഥാനത്തിന് അൽഉദൈദ് സൈനിക താവളത്തിൽ ഖത്തർ ആതിഥ്യം നൽകുന്നു. ഗൾഫ് ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്ന അമേരിക്കൻ നാവിക സേനാ കപ്പലുകൾക്ക് ഖത്തറിൽ പതിവായി നങ്കൂരമിടാനും ഖത്തർ അനുമതി നൽകുന്നു. ഹമാസ് നേതാക്കൾക്കും ഖത്തർ ആതിഥ്യം നൽകുന്നു. 2007 മുതൽ ഗാസ നിവാസികൾക്ക് കോടിക്കണക്കിന് ഡോളറിന്റെ സഹായങ്ങളും ഖത്തർ നൽകിയിട്ടുണ്ട്.