റിയാദ് : യെമനിൽ വികസന പദ്ധതികൾ നടപ്പാക്കാൻ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാമും യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാമും ധാരണാപത്രം ഒപ്പുവെച്ചു. റിയാദിൽ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം അസിസ്റ്റന്റ് സൂപ്പർവൈസർ ജനറൽ എൻജിനീയർ ഹസൻ അൽഅത്താസും യെമനിലെ യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം റെസിഡന്റ് പ്രതിനിധി സൈന അലി അഹ്മദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. യെമനിൽ സംയുക്തമായി വികസന പദ്ധതികൾ നടപ്പാക്കാനും പരിചയസമ്പത്ത് പരസ്പരം കൈമാറാനും യെമനിൽ സ്ഥാപനപരമായ ശേഷികൾ വർധിപ്പിക്കാനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം യെമൻ, മേഖലാ, അന്താരാഷ്ട്ര സംഘടനകളുമായും ഏജൻസികളുമായും ഇതിനകം 40 ലേറെ പങ്കാളിത്ത കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്.
യെമൻ ഗവൺമെന്റുമായും പ്രാദേശിക അധികൃതരുമായുമുള്ള നിരന്തര സഹകരണത്തിലൂടെയും സ്വകാര്യ മേഖലയെ പങ്കാളികളാക്കിയും നിരവധി സുസ്ഥിര വികസന പ്രോഗ്രാമുകൾ യെമനിൽ നടപ്പാക്കിയതിലൂടെ ഈ പങ്കാളിത്തങ്ങൾ യെമൻ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ അനുകൂല സ്വാധീനം ചെലുത്തി. വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഊർജം, ഗതാഗതം, കൃഷി, മത്സ്യസമ്പത്ത്, സർക്കാർ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കൽ, വികസന പ്രോഗ്രാമുകൾ എന്നീ അടിസ്ഥാന മേഖലകളിൽ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം യെമനിൽ 229 വികസന പദ്ധതികൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.