ദുബായ് : നഗരത്തിലെ അപാർട്ട്‌മെന്റിലുണ്ടായ അഗ്നിബാധയിൽ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി പാക്കിസ്ഥാനിയും 11 കാരിയായ മകളും മരണപ്പെട്ടു. പാക്കിസ്ഥാനിയുടെ ഭാര്യയെ ഗുരുതരാവസ്ഥയിൽ അൽഖാസിമി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ ലക്ഷണങ്ങളോടെ ദമ്പതികളുടെ ഒമ്പതു വയസായ മറ്റൊരു മകളും അഞ്ചു വയസുകാരനായ മകനും ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
ഷാർജ മുവൈലിഹ് ഏരിയയിലെ മൂന്നാം നിലയിലെ അപാർട്ട്‌മെന്റിലാണ് അഗ്നിബാധയുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സാമി ഖമീസ് അൽനഖ്ബി പറഞ്ഞു. മൂന്നാം നിലയിലെ അപാർട്ട്‌മെന്റിലുണ്ടായ അഗ്നിബാധയിൽ കെട്ടിടത്തിൽ മുഴുവൻ പുക വ്യാപിച്ചു. മൂന്നു നില കെട്ടിടത്തിലെ മറ്റു താമസക്കാരെ സിവിൽ ഡിഫൻസ് അധികൃതർ ഉടൻ തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.08 ന് ആണ് അപാർട്ട്‌മെന്റിൽ തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ 2.12 ഓടെ സംഭവസ്ഥലത്തെത്തിയതായി ബ്രിഗേഡിയർ സാമി ഖമീസ് അൽനഖ്ബി പറഞ്ഞു.
അഗ്നിബാധക്കുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫോറൻസിക് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതരുടെ ദ്രുതഗതിയിലുള്ള പ്രതികരണത്താൽ സ്ഥലത്തെത്തി രണ്ടു മിനിറ്റിനകം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. പ്രദേശം വളഞ്ഞ പോലീസ് കെട്ടിടം സീൽ ചെയ്തിട്ടുണ്ട്.