റിയാദ് : മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയ, സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിക്ഷേപങ്ങൾ നടത്താൻ ആദ്യമായി വിദേശികളെ അനുവദിക്കുന്ന വ്യവസ്ഥകൾ ആഴ്ചകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അൽഖുവൈസ് റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തിൽ വെളിപ്പെടുത്തി. ഈ വർഷം ആദ്യ പാദാവസാനത്തിനു മുമ്പായി വ്യവസ്ഥകൾ പ്രഖ്യാപിക്കും. അഭിലാഷങ്ങൾ യാഥാർഥ്യമാക്കാനും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതൽ പണമെത്തിക്കാനും പുതിയ വ്യവസ്ഥകൾ സഹായിക്കും. മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയ കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കാൻ പുതിയ വ്യവസ്ഥകൾ വിദേശ നിക്ഷേപകരെ അനുവദിക്കും. ഇത്തരം കമ്പനികളുടെ ഷെയറുകളുടെ 30 ശതമാനത്തിൽ കൂടുതലായി വിദേശ നിക്ഷേപകരുടെ ആകെ ഉടമസ്ഥാവകാശം ഉയരാൻ അനുവദിക്കില്ലെന്നും മുഹമ്മദ് അൽഖുവൈസ് പറഞ്ഞു.
ഡിജിറ്റലൈസേഷനിൽ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ സൗദിയിലെ നഗരങ്ങൾ ഉൾപ്പെടുന്നതായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിൽ ഡിജിറ്റൽ പരിവർത്തന, സ്മാർട്ട് സിറ്റി സെക്രട്ടറി എൻജിനീയർ മുസാഅദ് അൽഉതൈബി പറഞ്ഞു. ഇന്റർനെറ്റ് ലഭ്യത എളുപ്പമാക്കുന്നതിലൂടെ ബിസിനസ് സുഗമമാക്കേണ്ടത് പ്രധാനമാണ്. ഇതിലൂടെ സ്മാർട്ട് സിറ്റികളും ശക്തമായ ഡിജിറ്റൽ പരിവർത്തനവും കൈവരിക്കാനാകും. നഗരങ്ങളിൽ ജീവിത ഗുണനിലവാരം ഉറപ്പുവരുത്താൻ സൗദി അറേബ്യ സ്മാർട്ട് സിറ്റി പ്രോഗ്രാം ജിദ്ദയിൽ ആരംഭിച്ചിട്ടുണ്ട്. നിർമിത ബുദ്ധി സൊല്യൂഷനുകൾ, എർജിംഗ് സാങ്കേതികവിദ്യകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഡാറ്റ എന്നിവ സ്വീകരിച്ച് ചെലവ് കുറക്കാൻ സ്മാർട്ട് സിറ്റി പ്രോഗ്രാം സഹായിച്ചു. എമർജിംഗ് സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും നഗരങ്ങളെ നിയന്ത്രിക്കുന്ന രീതി മാറ്റിമറിക്കും. സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലും വിപണന പ്രക്രിയയിൽ സമയം കുറക്കുന്നതിലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും എൻജിനീയർ മുസാഅദ് അൽഉതൈബി പറഞ്ഞു.