ജിദ്ദ : കഴിഞ്ഞയാഴ്ച സൗദി ഓഹരി വിപണിക്ക് 26,100 കോടി റിയാൽ നഷ്ടം നേരിട്ടു. കഴിഞ്ഞ വാരാന്ത്യത്തോടെ സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 11,015 ട്രില്യൺ റിയാലായി കുറഞ്ഞു. തൊട്ടു മുൻ വാരത്തിൽ ഇത് 11.277 ട്രില്യൺ റിയാലായിരുന്നു. തുടർച്ചയായി രണ്ടാം വാരമാണ് സൗദി ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്. ബാങ്കിംഗ് അടക്കം മൂന്നു പ്രധാന മേഖലകൾ തിരിച്ചടി നേരിട്ടു. ജനുവരി 18 ന് അവസാനിച്ച വാരത്തിൽ ഓഹരി സൂചിക 1.3 ശതമാനം തോതിൽ ഇടിഞ്ഞു. ഓഹരി സൂചിക 157 പോയന്റ് തോതിലാണ് ഇടിഞ്ഞത്. 2023 ഒക്‌ടോബർ 26 നു ശേഷം ഓഹരി വിപണിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിച്ചിലാണിത്. കഴിഞ്ഞ വാരത്തിൽ സൂചിക 11,959.07 പോയന്റിലാണ് ക്ലോസ് ചെയ്തത്. തൊട്ടു മുൻവാരം ഇത് 12,116.09 പോയന്റ് ആയിരുന്നു. മൂന്നു പ്രധാന മേഖലകളുടെ നേതൃത്വത്തിൽ ഓഹരി വിപണിയിലെ 13 മേഖലകൾ കഴിഞ്ഞ വാരം തകർച്ച നേരിട്ടു. അടിസ്ഥാനവസ്തു മേഖല 3.28 ശതമാനവും ഊർജ മേഖല 2.75 ശതമാനവും ബാങ്കിംഗ് മേഖല 1.04 ശതമാനം തോതിലും കഴിഞ്ഞ വാരം ഇടിഞ്ഞു. മീഡിയ, എന്റർടൈൻമെന്റ് മേഖല 8.41 ഉം മൂലധന ചരക്ക് മേഖല 1.82 ശതമാനം തോതിലും ഉയർന്നു. ടെലികോം മേഖലയാണ് ഏറ്റവും കുറഞ്ഞ നേട്ടം കൊയ്തത്. ടെലികോം മേഖലാ ഓഹരികൾ 0.44 ശതമാനം തോതിൽ ഉയർന്നു.
കഴിഞ്ഞയാഴ്ച ആകെ 4,377 കോടി റിയാലിന്റെ ഓഹരികളാണ് ക്രയവിക്രയം ചെയ്യപ്പെട്ടത്. തൊട്ടു മുൻവാരത്തിൽ ഇത് 4,278 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച ക്രയവിക്രയം ചെയ്യപ്പെട്ട ഓഹരികളുടെ മൂല്യത്തിൽ 2.32 ശതമാനം വർധന രേഖപ്പെടുത്തി. എന്നാൽ ക്രയവിക്രയം ചെയ്യപ്പെട്ട ഓഹരികളുടെ എണ്ണം 13.6 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞയാഴ്ച ആകെ 178 കോടി ഷെയറുകളാണ് ക്രയവിക്രയം ചെയ്യപ്പെട്ടത്. തൊട്ടു മുമ്പുള്ള ആഴ്ചയിൽ 206 കോടി ഷെയറുകൾ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ക്രയവിക്രയം ചെയ്യപ്പെട്ട ഓഹരികളുടെ മൂല്യത്തിൽ ഒന്നാം സ്ഥാനത്ത് സൗദി അറാംകൊയാണ്. അറാംകൊയുടെ 329 കോടി റിയാലിന്റെ ഓഹരികൾ ക്രയവിക്രയം ചെയ്യപ്പെട്ടു. ഏറ്റവുമധികം ഓഹരികൾ ക്രയവിക്രയം ചെയ്യപ്പെട്ടത് അമേരിക്കാനാ ഷെയറുകളാണ്. അമേരിക്കാനയുടെ 18.862 കോടി ഓഹരികൾ ഒരാഴ്ചക്കിടെ ക്രയവിക്രയം ചെയ്യപ്പെട്ടു.