ജിദ്ദ : നവംബറിൽ സൗദി അറേബ്യ അമേരിക്കൻ ബോണ്ടുകളിൽ 10.6 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി കണക്ക്. നവംബർ അവസാനത്തോടെ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ 128.1 ബില്യൺ ഡോളറായി ഉയർന്നു. ഒക്‌ടോബർ അവസാനത്തിൽ ഇത് 117.5 ബില്യൺ ഡോളറായിരുന്നു. ഒരു മാസത്തിനിടെ ഒമ്പതു ശതമാനം വർധന.
അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങളിൽ 82 ശതമാനം ദീർഘകാല നിക്ഷേപങ്ങളാണ്. ഈ ഗണത്തിൽ 105.2 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളുണ്ട്. അമേരിക്കൻ ബോണ്ടുകളിൽ 22.9 ബില്യൺ ഡോളറിന്റെ ഹ്രസ്വകാല നിക്ഷേപങ്ങളും സൗദി അറേബ്യ നടത്തിയിട്ടുണ്ട്. അമേരിക്കൻ ബോണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ പതിനാറാം സ്ഥാനത്തെത്തിയിട്ടുണ്ട്. നേരത്തെ സൗദി അറേബ്യ പതിനേഴാം സ്ഥാനത്തായിരുന്നു.
നവംബറിൽ ലോക രാജ്യങ്ങളിൽ 243.4 ബില്യൺ ഡോളറിന്റെ അമേരിക്കൻ ബോണ്ടുകളാണ് വാങ്ങിയത്. അമേരിക്കൻ ബോണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപങ്ങൾ നടത്തിയ രാജ്യം ജപ്പാനാണ്. യു.എസ് ബോണ്ടുകളിൽ ജപ്പാൻ 1.128 ട്രില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ചൈന 782 ബില്യൺ ഡോളറാണ് അമേരിക്കൻ ബോണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്.