ജിദ്ദ : വീട്ടില്‍ കുഴഞ്ഞുവീണ മാതാവിനെ രക്ഷിക്കാന്‍ ബാലിക റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് സഹായം തേടി. ബാലിക റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടതിന്റെയും റെഡ് ക്രസന്റ് സംഘം വീട്ടിലെത്തി ബാലികയുടെ മാതാവിനെ എളുപ്പത്തില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചതിന്റെയും കഥ വ്യക്തമാക്കുന്ന വീഡിയോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഉമ്മ ക്ഷീണിച്ചിരിക്കുന്നു, ഉമ്മ നിലത്ത് വീണു. ഉമ്മാക്ക് സംസാരിക്കാന്‍ കഴിയുന്നില്ല എന്നാണ് ബാലിക റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് അറിയിച്ചത്.
ഉടന്‍ തന്നെ വീടിന്റെ ലൊക്കേഷന്‍ വാട്‌സ് ആപ്പ് വഴി അയച്ചുകൊടുക്കാന്‍ ബാലികയോട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥന്‍ അബ്ദുല്ല ദുഅയ്ജ് അല്‍മുതൈരി ആവശ്യപ്പെട്ടു. റെഡ് ക്രസന്റ് സംഘം വീട്ടിലെത്തുന്നതു വരെ ഫോണില്‍ തുടരാനും റെഡ് ക്രസന്റ് ഉദ്യോഗസ്ഥന്‍ ബാലികയോട് നിര്‍ദേശിച്ചു. വൈകാതെ റെഡ് ക്രസന്റ് സംഘം ബാലികയുടെ വീട്ടിലെത്തി ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി മാതാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബാലികയുടെ ഫോണ്‍ കോള്‍ ഗൗരവത്തിലെടുത്ത് പെണ്‍കുട്ടിയുടെ മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ച റെഡ് ക്രസന്റ് ഉദ്യോഗസ്ഥന്‍ അബ്ദുല്ല ദുഅയ്ജ് അല്‍മുതൈരിയെ ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ ആദരിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെയും അനുബന്ധ വകുപ്പുകളുടെയും വൈദഗ്ധ്യം, അനുകമ്പ എന്നിവയുടെ മൂല്യങ്ങളെ അബ്ദുല്ല ദുഅയ്ജ് അല്‍മുതൈരി പ്രതിനിധീകരിക്കുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. സമൂഹത്തിന് നന്നായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ മാനവികതയോടെ ദൈനംദിന ജോലികള്‍ നിര്‍വഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയാണ് അബ്ദുല്ല ദുഅയ്ജ് അല്‍മുതൈരിയെന്നും ആദരിക്കല്‍ ചടങ്ങില്‍ ആരോഗ്യ മന്ത്രി പറഞ്ഞു.