ദോഹ : പ്രമേഹം തടയുന്നതിനുള്ള പുതിയ സംരംഭമായ ഡയബറ്റിസ് റിസർച്ച് സെന്ററിന് ഖത്തറിൽ തുടക്കമായി. ഹമദ് മെഡിക്കൽ കോർപറേഷനിൽ തുറന്ന ഖത്തർ ഡയബറ്റിസ് റിസർച്ച് സെന്റർ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽ കുവാരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ സമഗ്രമായ പ്രമേഹ പ്രതിരോധ പരിപാടിയുടെ ഭാഗമായാണിത്.
ഖത്തർ ഡയബറ്റിസ് പ്രിവൻഷൻ പ്രോഗ്രാം, പ്രമേഹം തടയുന്നതിനായി ആവിഷ്‌ക്കരിച്ച മേഖലയിലെ ഏറ്റവും വലിയ ഗവേഷണ-അടിസ്ഥാന പരിപാടിയാണ് ഖത്തർ ഡയബറ്റിസ് റിസർച്ച് സെന്റർ. ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നത് തടയാനോ കാലതാമസം വരുത്താനോ വേണ്ടി രൂപകൽപന ചെയ്ത പൊതുമേഖലാ പങ്കാളിത്തമാണ് ഈ പദ്ധതിയുടെ ഏറ്ററവും വലിയ സവിശേഷത. ഖത്തർ റിസർച്ച് ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിലും എച്ച്.എം.സിയുടെ അക്കാദമിക് ഹെൽത്ത് സിസ്റ്റവും ചേർന്നാണ് ഈ അഞ്ച് വർഷത്തെ പ്രോഗ്രാമിന് ധനസഹായം നൽകിയിരിക്കുന്നത്.
ഖത്തർ ബയോ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, ഖത്തർ കംപ്യൂട്ടിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, ഖത്തർ ഡയബറ്റിസ് അസോസിയേഷൻ എന്നിവ വഴി പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ സർവകലാശാല, വെയിൽ കോർണൽ മെഡിസിൻ ഖത്തർ, ഹമദ് ബിൻ ഖലീഫ സർവകലാശാല എന്നിവയും ഈ പദ്ധതിയുമായി സഹകരിക്കുന്നു.