ജിദ്ദ : ആഭ്യന്തര മന്ത്രാലത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വികസിപ്പിക്കാനും നൂതന സേവനങ്ങൾ പുതുതായി ഉൾപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നാലാമത് അബ്ശിർതോണിന് മന്ത്രാലയം തുടക്കം കുറിച്ചു. അബ്ശിർ ഇൻഡിവിജ്വൽസ്, അബ്ശിർ ബിസിനസ്, അബ്ശിർ ഗവൺമെന്റ്, ആഭ്യന്തര മന്ത്രാലയ ജീവനക്കാർക്ക് സേവനം നൽകാൻ ലക്ഷ്യമിട്ടുള്ള അബ്ശിർ ദാഖിലിയ, അബ്ശിർ മൈദാൻ എന്നിവയിലെ സേവനങ്ങൾ വികസിപ്പിക്കാനും സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് അബ്ശിർതോൺ സംഘടിപ്പിക്കുന്നത്.
നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ഡ്രോണുകൾ, ഓഗ്‌മെന്റഡ്, വെർച്വൽ റിയാലിറ്റി പോലെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൽ പരിവർത്തനത്തിൽ സർഗാത്മകതയും നൂതനത്വവും സാധ്യമാക്കാനും, സൃഷ്ടിപരമായ ആശയങ്ങളും സ്മാർട്ട് സൊല്യൂഷനുകളും ഡിജിറ്റൽ സേവനങ്ങളാക്കി മാറ്റാനും, മാനവികതയെ സേവിക്കാനും ജീവിത നിലവാരം ഉയർത്താനും സാങ്കേതികവിദ്യയെ പൊരുത്തപ്പെടുത്താനുമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. യു.എൻ ഇ-ഗവൺമെന്റ് ഡെവലപ്‌മെന്റ് സൂചികയിൽ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ സൗദി അറേബ്യയെ എത്തിക്കുന്നതിലൂടെ വിഷൻ 2030 ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കുന്നതിന് സഹായിക്കാനും അബ്ശിർതോണിലൂടെ ഉന്നമിടുന്നു.
ഹാക്കത്തോണിൽ സ്വദേശികൾക്കും വിദേശികൾക്കും ലോകത്തെവിടെയുമുള്ള വിദഗ്ധർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അബ്ശിർതോൺ ഡോട്ട്‌കോം (https://absherthon.com) എന്ന ഔദ്യോഗിക സൈറ്റിൽ ഫോറം പൂരിപ്പിച്ചാണ് മത്സരാർഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. ഏപ്രിൽ 14 വരെ തുടരുന്ന ആദ്യ ഘട്ടത്തിൽ നൂതന ആശയങ്ങൾ സ്വീകരിക്കുകയും പരിശോധിക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യും. ഏപ്രിൽ 15 മുതൽ മെയ് 11 വരെയുള്ള രണ്ടാം ഘട്ടത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യമായ ആശയങ്ങൾ നിർണയിക്കുകയാണ് ചെയ്യുക. മൂന്നാം ഘട്ടത്തിൽ ആശയങ്ങളുടെ അവസാന വിധിനിർണയമാണ് നടക്കുക. ഇത് മെയ് 11 ന് ആയിരിക്കും.
രാജ്യത്തിനകത്തും വിദേശത്തും അബ്ശിർ ഗുണഭോക്താക്കൾക്ക് ആവശ്യമായ നൂതനവും ക്രിയാത്മകവുമായ ആപ്ലിക്കേഷനുകളും സേവനങ്ങളും നൽകുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശേഷി വർധിപ്പിക്കുന്നതിന് ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗത്തിലൂടെയുള്ള ആശയങ്ങളും മികച്ച പരിഹാരങ്ങളും രൂപപ്പെടുത്താൻ അബ്ശിർതോണിലൂടെ ലക്ഷ്യമിടുന്നു. നിലവിലെ സേവനങ്ങൾ മെച്ചപ്പെടുത്താൻ സ്മാർട്ട് അൽഗോരിതങ്ങളും റീ-എൻജിനീയറിംഗ് നടപടിക്രമങ്ങളും വികസിപ്പിക്കാനും, ഡിജിറ്റൽ പരിവർത്തനം ശക്തമാക്കുന്ന ക്രിയാത്മകമായ പുതിയ സേവനങ്ങൾക്ക് രൂപംനൽകാനും, കേസുകളും പരാതികളും മനസ്സിലാക്കാൻ സഹായിക്കുന്ന നിലക്ക് ഓഡിയോ, ടെക്സ്റ്റ്, വിഷ്വൽ ഉള്ളടക്കങ്ങൾ വിശകലനം ചെയ്യാനും മനസ്സിലാക്കാനും നിർമിത ബുദ്ധി അൽഗോരിതങ്ങൾ വികസിപ്പിക്കാനും മത്സരത്തിലൂടെ ഉന്നമിടുന്നു.