റിയാദ് : ഉംറ വിസയിലെത്തുന്നവര്‍ 90 ദിവസമോ പരമാവധി ജൂണ്‍ ആറു (ദുല്‍ഖഅദ് 29) വരെ മാത്രമേ സൗദിയില്‍ താമസിക്കാവൂവെന്ന് ഹജ് ഉംറ മന്ത്രാലയം. കഴിഞ്ഞ ദിവസം മുതല്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ഉംറ വിസകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
വിസ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ സൗദിയിലെത്തണം. അല്ലെങ്കില്‍ വിസ കാന്‍സല്‍ ആകും. എന്നാല്‍ സൗദിയിലെത്തിയാല്‍ പരമാവധി 90 ദിവസം താമസിക്കാം. ഇതായിരുന്നു ഇതുവരെ ഇഷ്യൂ ചെയ്ത വിസകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇഷ്യു ചെയ്യുന്ന വിസകളില്‍ സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കില്‍ ജൂണ്‍ ആറോ ഏതാണ് ആദ്യം എത്തുന്നതെങ്കില്‍ അതാണ് പരമാവധി താമസിക്കാനുള്ള കാലയളവ്. അതിന് മുമ്പ് നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരും.
ഓണ്‍ലൈന്‍ ഉംറ വിസ എല്ലാവര്‍ക്കും മണിക്കൂറുകള്‍ക്കകം ലഭിക്കും. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്ക് വരാനും എവിടെ നിന്ന് തിരിച്ചുപോകാനും അനുവദിക്കുന്നുണ്ട്. മാത്രമല്ല മറ്റു വിസകളെ പോലെ വിഎഫ്എസ് കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യുകയും വേണ്ട. പേപ്പര്‍ വിസയും ടിക്കറ്റും പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തിയാല്‍ സൗദിയിലേക്ക് വരാം.