ഈ വർഷം നാല് ശതമാനം വളർച്ചയെന്ന് ഐ.എം.എഫ്
ഏറ്റവുമധികം വളർച്ച ഇന്ത്യയിലാവുമെന്ന് റിപ്പോർട്ട്
ജിദ്ദ – ഈ വർഷം പശ്ചാത്യ രാജ്യങ്ങളെ കവച്ചുവെക്കുന്ന സാമ്പത്തിക വളർച്ച സൗദി അറേബ്യ കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ട്. സൗദിയിൽ ഈ വർഷം നാലു ശതമാനത്തിലേറെ വളർച്ചയുണ്ടാകുമെന്നാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. ജി-20 രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശക്തമായ സാമ്പത്തിക വളർച്ച കൈവരിക്കുന്ന നാലാമത്തെ രാജ്യമായി സൗദി അറേബ്യ മാറും. കഴിഞ്ഞ കൊല്ലം ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച സൗദിയിലായിരുന്നു. കഴിഞ്ഞ വർഷം 8.7 ശതമാനം സാമ്പത്തിക വളർച്ചയാണ് സൗദി അറേബ്യ കൈവരിച്ചത്.
ഈ കൊല്ലം ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ വളർച്ച ഇന്ത്യയിലാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 6.3 ശതമാനവും, രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിൽ അഞ്ചും, മൂന്നാം സ്ഥാനത്തുള്ള ചൈനയിൽ 4.2 എന്നിങ്ങനെയുമായിരിക്കും വളർച്ചയെന്ന് ഐ.എം.എഫ് പ്രതീക്ഷിക്കുന്നു. ലോക ബാങ്ക് 4.1 ശതമാനവും, സൗദി ധനമന്ത്രാലയം 4.4 ശതമാനവും വളർച്ചയാണ് ഈ വർഷം രാജ്യത്ത് പ്രതീക്ഷിക്കുന്നത്.
ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി സൗദി അറേബ്യ എണ്ണയുൽപാദനം വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും പെട്രോളിതര മേഖല ഈ കൊല്ലം ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 വിജയകരമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. നേരത്തെ പൊതുവരുമാനത്തിന്റെ 90 ശതമാനവും എണ്ണ മേഖലയിൽ നിന്നായിരുന്നു. ഇപ്പോൾ സർക്കാർ വരുമാനം മുമ്പത്തെ പോലെ എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമല്ല.
ഈ വർഷം ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തുന്ന അഞ്ചാമത്തെ രാജ്യം തുർക്കിയാകും- മൂന്ന് ശതമാനം. അർജന്റീനയിൽ 2.8 ശതമാനം, ദക്ഷിണ കൊറിയ 2.2, ദക്ഷിണാഫ്രിക്ക 1.8, മെക്‌സിക്കോ 2.1, കാനഡ 1.6, ബ്രസീൽ 1.5, അമേരിക്ക 1.5, ഫ്രാൻസ് 1.3, ഓസ്‌ട്രേലിയ 1.2, റഷ്യ 1.1, ജപ്പാൻ ഒന്ന്, ജർമനി, 0.9 ഇറ്റലി 0.7, ബ്രിട്ടൻ 0.6 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ ഈവർഷത്തെ ശതമാനം സാമ്പത്തിക വളർച്ചാ നിരക്കെന്നാണ് ഐ.എം.എഫ് കണക്കാക്കുന്നത്.