ജിദ്ദ : ചെങ്കടലിനെയും മധ്യധരണ്യാഴിയെയും ബന്ധിപ്പിക്കുന്ന, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ സൂയസ് കനാലിന്റെ വരുമാനം ഈ വര്‍ഷം 40 ശതമാനം തോതില്‍ കുറഞ്ഞതായി സൂയസ് കനാല്‍ അതോറിറ്റി പ്രസിഡന്റ് ജനറല്‍ ഉസാമ റബീഅ് പറഞ്ഞു. ചെങ്കടലില്‍ വാണിജ്യ കപ്പലുകളും എണ്ണ ടാങ്കറുകളും ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ റൂട്ടുകള്‍ മാറ്റാനും സൂയസ് കനാല്‍ ഒഴിവാക്കാനും ഷിപ്പിംഗ് കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ജനുവരി ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള ദിവസങ്ങളില്‍ കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് സൂയസ് കനാലില്‍ കപ്പല്‍ ഗതാഗതം 30 ശതമാനം തോതില്‍ കുറഞ്ഞു. ജനുവരി ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള ദിവസങ്ങളില്‍ സൂയസ് കനാലിലൂടെ 544 കപ്പലുകളാണ് കടന്നുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കനാലിലൂടെ 777 കപ്പലുകള്‍ കടന്നുപോയിരുന്നെന്നും ജനറല്‍ ഉസാമ റബീഅ് പറഞ്ഞു.
രൂക്ഷമായ വിദേശ നാണ്യ ക്ഷാമം നേരിടുന്ന ഈജിപ്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിദേശ നാണ്യ ഉറവിടമാണ് സൂയസ് കനാല്‍. സൂയസ് കനാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ഏതാനും വര്‍ഷങ്ങളായി ഈജിപ്ഷ്യന്‍ അധികൃതര്‍ കിണഞ്ഞുശ്രമിച്ചുവരികയാണ്. വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച് 2015 ല്‍ കനാല്‍ വികസിപ്പിച്ചിരുന്നു. കനാലില്‍ ഇപ്പോള്‍ കൂടുതല്‍ വിപുലീകരണങ്ങള്‍ നടന്നുവരികയാണ്.
ഇസ്രായിലിനെതിരായ യുദ്ധത്തില്‍ ഹമാസിനെ പിന്തുണക്കുന്നതിന് ആഴ്ചകളായി ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാനുമായി സഖ്യത്തിലുള്ള ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഇതേ തുടര്‍ന്ന് ഏതാനും ഷിപ്പിംഗ് കമ്പനികള്‍ ചെങ്കടല്‍ ഒഴിവാക്കി മറ്റു പാതകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ആക്രമണങ്ങള്‍ തടയാന്‍ ശ്രമിച്ച് ചെങ്കടലില്‍ പട്രോളിംഗ് നടത്തുന്നതിന് ഒരു പുതിയ അന്താരാഷ്ട്ര ദൗത്യം ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം അമേരിക്ക അറിയിച്ചിരുന്നു.
വേഗത്തില്‍ തങ്ങളുടെ യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിമായ കപ്പലുകള്‍ മാത്രമാണ് ഗുഡ് ഹോപ്പ് മുനമ്പിലൂടെ റൂട്ട് തിരിച്ചുവിട്ടത്. മറ്റു കപ്പലുകള്‍ സ്ഥിതിഗതികള്‍ ഭദ്രമാകുന്നത് കാത്തിരിക്കുകയാണെന്ന് ജനറല്‍ ഉസാമ റബീഅ് പറഞ്ഞു. മേഖലയിലെ സംഘര്‍ഷം അവസാനിക്കുന്നതോടെ കപ്പലുകള്‍ വീണ്ടും സൂയസ് കനാലിലേക്ക് തിരികെയെത്തും. കൃത്യസമയത്ത് ചരക്കുകള്‍ എത്തിക്കേണ്ട അനിവാര്യ സാഹചര്യങ്ങള്‍ നേരിടുന്ന കപ്പലുകള്‍ മാത്രമാണ് ഗുഡ് ഹോപ്പ് മുനമ്പിലൂടെ കടന്നുപോകുന്നത്. ഇപ്പോഴത്തെ കാലാവസ്ഥയിലും ശൈത്യകാലത്തും ഗുഡ് ഹോപ്പ് മുനമ്പ് കപ്പലുകള്‍ക്ക് അനുയോജ്യമായ വഴിയല്ലെന്നും ജനറല്‍ ഉസാമ റബീഅ് പറഞ്ഞു.