ജിദ്ദ : യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചെങ്കടലിലെ സൈനിക ഓപ്പറേഷനുകളും യെമനിലെ ഏതാനും കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളും സൗദി അറേബ്യ കടുത്ത ആശങ്കയോടെ നിരീക്ഷിച്ചുവരികയാണെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ചെങ്കടല്‍ പ്രദേശത്തെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കണം. ചെങ്കടലിലെ സ്വതന്ത്ര സമുദ്ര ഗതാഗതം അന്താരാഷ്ട്ര ആവശ്യമാണ്. ചെങ്കടലില്‍ സമുദ്ര ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തിന്റെ മുഴുവന്‍ താല്‍പര്യങ്ങള്‍ക്കും ഹാനികരമാണ്. മേഖല സാക്ഷ്യം വഹിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കാതെ നോക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, തായിഫ് കിംഗ് ഫഹദ് വ്യോമതാവളത്തില്‍ വിദേശ സേനകള്‍ എത്തി എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.