റിയാദ് : ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ സൗദി പൗരനെ റിയാദ് ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ മാര്‍ബിള്‍ വ്യാപാര മേഖലയില്‍ സ്വന്തം നിലക്ക് സ്ഥാപനം നടത്താന്‍ വിദേശിക്ക് കൂട്ടുനിന്ന മുഹന്നദ് അബ്ദുല്ല ഫായിഅ് അല്‍ദോസരിയെ ആണ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കാനും വിധിയുണ്ട്. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സൗദി പൗരന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഈടാക്കാനും വിധിയുണ്ട്.
സൗദി പൗരന്റെ പേരുവിവരങ്ങളും ഇദ്ദേഹം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. ഏഷ്യന്‍ വംശജനായ തൊഴിലാളിക്കാണ് സ്വന്തം നിലയില്‍ ബിസിനസ് നടത്താന്‍ ആവശ്യമായ ഒത്താശകള്‍ സൗദി പൗരന്‍ ചെയ്തുകൊടുത്തത്. സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി ഭീമമായ തുകകള്‍ ഏഷ്യന്‍ വംശജന്‍ വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു.