റിയാദ് : വിദേശികള്‍ക്ക് സ്‌പോണ്‍സറില്ലാതെ സൗദി അറേബ്യയില്‍ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ. മാജിദ് അല്‍ഖസബി അറിയിച്ചു. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. പുതിയ മേഖലകളില്‍ അറിവിന്റെയും നിക്ഷേപത്തിന്റെയും അടിസ്ഥാനത്തില്‍ വൈവിധ്യ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ്, ആരോഗ്യം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളില്‍ അനുഭവപരിചയം ഉള്ളവരും സൗദി തോഴില്‍ മേഖലക്ക് അറിവ് കൈമാറ്റത്തിന് സംഭാവന ചെയ്യുന്ന മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ആണ് ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കായിക, സാംസ്‌കാരിക മേഖലകളില്‍ പ്രത്യേക കഴിവു തളിയിച്ചവരാണ് രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരാണ് മൂന്നാം വിഭാഗത്തിലുളളത്. സൗദിയില്‍ നൂതന കമ്പനികള്‍ ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവരും ക്രിയാത്മകമായ ആശയങ്ങളുളള സംരംഭകരും പ്രോജക്ട് ഉടമകളുമാണ് നാലാം വിഭാഗത്തില്‍ പെടുക. റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ആവാന്‍ ആഗ്രഹിക്കുന്നവരാണ് അഞ്ചാം വിഭാഗത്തില്‍ പെടുന്നത്. പ്രീമിയം ഇഖാമയുള്ളവര്‍ക്ക് സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും മികച്ച അവസരമുണ്ടാകും. ഈ അഞ്ചു വിഭാഗത്തില്‍ ഇഖാമക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാലാണ് ഫീസ്. ഓരോ വിഭാഗത്തിനും പ്രത്യേക വ്യവസ്ഥകളുണ്ട്.
സ്‌പോണ്‍സര്‍ ആവശ്യമില്ലാതെ വിദേശ പൗരന്മാര്‍ക്ക് സൗദിയില്‍ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുള്ള അവകാശം നല്‍കുന്ന റസിഡന്‍സി പെര്‍മിറ്റില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരത്തെ പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. 2019ലാണ് പദ്ധതി ആരംഭിച്ചത്. ഈ ഇഖാമയെടുക്കുന്നവര്‍ക്ക് ഭാര്യ, 25 വയസ്സിന് താഴെയുള്ള മക്കള്‍, മാതാപിതാക്കള്‍ എന്നിവരെ സൗദിയില്‍ താമസിപ്പിക്കാനും സ്ഥാപനങ്ങളില്‍ സ്ഥാപനങ്ങളിലേക്ക് മാറാനും റീ എന്‍ട്രിയില്ലാതെ സൗദിക്ക് പുറത്ത് പോകാനും അനുമതിയുണ്ട്.