ജിദ്ദ : വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചിയെ അപേക്ഷിച്ച് സൗദി കോഴിയിറച്ചി വില വർധനക്ക് കാരണം കോഴിത്തീറ്റയുടെ വിലക്കയറ്റമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ പൗൾട്രി പദ്ധതി സൂപ്പർവൈസർ അലി അൽജാസിം പറഞ്ഞു. പൗൾട്രി ഫാം നടത്തിപ്പ് ചെലവിന്റെ 60 ശതമാനം മുതൽ 65 ശതമാനം വരെ കോഴിത്തീറ്റ ഇനത്തിലെ ചെലവാണ്.
ഇത് കോഴി ഉൽപാദകർക്ക് വലിയ വെല്ലുവിളിയാണ്. പ്രാദേശിക കോഴി ഉൽപാദകരും വിദേശ ഉൽപാദകരും തമ്മിലുള്ള വിടവ് കുറക്കാൻ മന്ത്രാലയം ശ്രമിച്ചുവരികയാണ്.
കശാപ്പ് ചെയ്ത കോഴികളുടെ അവശിഷ്ടങ്ങൾ സൗദിയിൽ കോഴിത്തീറ്റയായി ഉപയോഗിക്കുന്നില്ല. തൂവലുകളും ആന്തരികാവയവങ്ങളും അടക്കം കശാപ്പുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ കോഴിത്തീറ്റയായി ഉപയോഗിക്കുന്നുണ്ടെന്ന നിലക്ക് പൊതുസമൂഹത്തിൽ കിംവദന്തികളും തെറ്റിദ്ധാരണകളുമുണ്ട്. കശാപ്പുശാലകളിലെ എല്ലാ കോഴിമാലിന്യങ്ങളും പ്രത്യേക സംസ്‌കരണ യൂനിറ്റുകളിലെത്തിച്ച് സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നു. ഉയർന്ന താപനിലയിൽ ചൂടാക്കി ഇവ പൊടിയായും പ്രോട്ടീനായും രൂപാന്തരപ്പെടുത്തി വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ഇവ പിന്നീട് വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. സൗദിയിൽ പ്രോട്ടീന്റെ ഉറവിടമായി കോഴികൾക്ക് ചോളവും സോയാബീനുമാണ് നൽകുന്നതെന്നും അലി അൽജാസിം പറഞ്ഞു.
ഏതാനും വർഷങ്ങൾക്കുള്ളിൽ കോഴിയിറച്ചി മേഖലയിൽ സ്വയംപര്യാപ്തത 80 ശതമാനം മുതൽ 90 ശതമാനം വരെയായി ഉയർത്താൻ സൗദി അറേബ്യ ലക്ഷ്യമിടുന്നു. പൗൾട്രി ഫാമുകൾക്ക് പിന്തുണ നൽകുന്നതിന് സർക്കാർ 1,700 കോടിയിലേറെ റിയാൽ നീക്കിവെച്ചിട്ടുണ്ട്.