ജിദ്ദ : അമ്പതും അതിൽ കൂടുതലും തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകൽ നിർബന്ധമാക്കുന്ന തീരുമാനം 45,000 ലേറെ സ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് അൽസഹ്‌റാനി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ മിനിമം രണ്ടു ശതമാനത്തിന് തുല്യമായ വിദ്യാർഥികൾക്കാണ് പരിശീലനം നൽകേണ്ടത്. ഒരു വർഷം നീണ്ട പഠനങ്ങൾക്കും വിദ്യാഭ്യാസ, സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുള്ള ശിൽപശാലകൾക്കും ശേഷമാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകൽ നിർബന്ധമാക്കുന്ന തീരുമാനം കൈക്കൊണ്ടത്.
ഒരു വർഷത്തിനിടെ യൂനിവേഴ്‌സിറ്റികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് 51 ശിൽപശാലകൾ സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് തൊഴിൽ പരിശീലന അവസരങ്ങൾ ലഭ്യമാക്കാൻ മാത്രമല്ല, തൊഴിലുടമയും പരിശീലനം നേടുന്ന വിദ്യാർഥിയും തമ്മിലുള്ള ബന്ധം ക്രമീകരിക്കാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. വിദ്യാർഥിയുടെയും തൊഴിലുടമയുടെയും കടമകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന നിയമാനുസൃത പരിശീലന കരാർ ഒപ്പുവെച്ചാണ് വിദ്യാർഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങൾ പരിശീലനം നൽകേണ്ടത്. വിദ്യാർഥി ആർജിക്കുന്ന നൈപുണ്യങ്ങൾ സ്ഥാപനം നിരന്തരം നിരീക്ഷിക്കണമെന്നും പരിശീലനം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് നൽകണമെന്നും വ്യവസ്ഥയുണ്ടെന്ന് ഡോ. അഹ്മദ് അൽസഹ്‌റാനി പറഞ്ഞു.
വിദ്യാർഥി ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം അംഗീകരിച്ച പഠന പദ്ധതിയും വിപണിയുടെ ആവശ്യതകളും അനുസരിച്ചാണ് വിദ്യാർഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ പരിശീലനം നൽകേണ്ടത്. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്ക് യോജിച്ച വിധം വിദ്യാർഥികളെ യോഗ്യരാക്കി മാറ്റാനും അവരുടെ പ്രകടന നിലവാരം ഉയർത്താനും പ്രായോഗിക കഴിവുകൾ മെച്ചപ്പെടുത്താനും ഉന്നമിട്ട്, സ്വകാര്യ സ്ഥാപനങ്ങളിലെ പരിശീലന പ്രോഗ്രാമുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും വികസനത്തിനും വളർച്ചക്കുമുള്ള അവസരങ്ങൾ നിലനിർത്താനും സർവകലാശാല, കോളേജ്, ഇൻസ്റ്റിറ്റിയൂട്ട് വിദ്യാർഥികളെ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനം നേടാൻ പ്രാപ്തരാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുത്. വിദ്യാഭ്യാസ മന്ത്രാലയം, ടെക്‌നിക്കൽ ആന്റ് വൊക്കേഷനൽ ട്രെയിനിംഗ് കോർപറേഷൻ, മാനവശേഷി വികസന നിധി എന്നിവയുമായി സഹകരിച്ചും സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ശിൽപശാലകളും യോഗങ്ങളും സംഘടിപ്പിച്ചുമാണ് അമ്പതും അതിൽ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങൾ സൗദി വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകൽ നിർബന്ധമാക്കുന്ന തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.