ജിദ്ദ : ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിന് മത പണ്ഡിത മേഖലയിലൂടെ സമ്മർദ്ദം ശക്തമാക്കാൻ മുസ്‌ലിം വേൾഡ് ലീഗ് (റാബിത്ത) നീക്കം തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മതപണ്ഡിത നേതാക്കളോട് ഫസ്തീനിൽ അടിയന്തരമായി സമാധാനം കൊണ്ടു വരുന്നതിനും രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കേണ്ടതിനുമായി ഏകോപിച്ച നിലപാട് സ്വീകരിക്കുന്നതിനും സമ്മർദ്ദ ശക്തികളായി പ്രവർത്തിക്കാനും ആവശ്യപ്പെട്ടുള്ള ഭീമ ഹരജി മുസ്‌ലിം വേൾഡ് പുറത്തിറക്കി. വിവിധ മത നേതാക്കളോടും മനുഷ്യാവകാശ പ്രവർത്തകരോടും സമാധാന പ്രക്രിയക്കു പിന്തുണ നൽകാനും സംഘട്ടനം അവസാനിപ്പിക്കാനുമാവശ്യമായ നടപടികൾ സ്വീകരിക്കാനും രാഷ്ട്രീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താൻ അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്. മതനേതാക്കൾക്കും സമാധാന പ്രവർത്തകർക്കും അതാതു രാജ്യങ്ങളിൽ വലിയ തോതിൽ സ്വാധീനമുണ്ടായിരിക്കും. അവരുടെ സംയുക്തമായ സമ്മർദ്ദത്തിന് ഭരണാധികാരികൾ വിലകൽപിക്കുകയും ചെയ്യുമെന്ന് മുസ്‌ലിം വേൾഡ് ലീഗ് അദ്ധ്യക്ഷൻ ഡോ.മുഹമ്മദ് ബിൻ അബ്ദുൽ കരിം അൽ ഈസ പറഞ്ഞു. മനുഷ്യർക്കിടയിൽ നന്മയും പരസ്പര സൗഹാർദ്ദവും സഹവർത്തിത്വവും ആഗ്രഹിക്കുന്ന വിവിധ മതങ്ങളുടെ നേതാക്കൾക്കളെ ഉൾപെടുത്തി രൂപീകരിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയുടെ ആദ്യപടിയായാണ് റാബിത്തയുടെ ഈ നീക്കം. വിവിധ വിഭാഗങ്ങൾക്കിടയിൽ വെറുപ്പു പ്രചരിപ്പിക്കുന്ന നടപടികളെയും പ്രസ്താവനകളെയും കൂട്ടായ്മ നിരാകരിക്കും.ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിനായി ബന്ധികളെ ഉപാധികൾ കൂടാതെ ഉടനടി മോചിപ്പിക്കുകയും ഇരു വിഭാഗത്തിനും സമാധാനത്തോടെ ജീവിക്കാനാവശ്യമായ സാഹചര്യങ്ങളുണ്ടാക്കുകയും വേണം.
വിവിധ മതവിഭാഗങ്ങൾ പുണ്യഭൂമിയായി ഗണിക്കുകയും പ്രവാചകന്മാരുടെ ജന്മ പ്രദേശവുമായ ഒരു രാജ്യം നിലക്കാത്ത അശാന്തിയുടെ നാടായി മാറുന്നതിനെതിരെ നിലയുറപ്പിക്കുകയെന്നത് മതബോധവും മനുഷ്യത്വവും ആവശ്യപ്പെടുന്നതാണെന്ന കാര്യത്തിൽ ഒരു മതനേതൃത്വത്തിനും സംശയമുണ്ടായിരിക്കില്ലെന്ന് ഉറച്ച ബോധ്യമുണ്ടെന്നും അൽ ഈസ പറഞ്ഞു. താഴെ കാണുന്ന ലിങ്കു വഴി മുസ് ലിം വേൾഡ് ലീഗ് ഹരജിക്ക് പിന്തുണ നൽകാൻ അബ്ദുൽ കരീം അൽ ഈസ എല്ലാവരോടും അഭ്യർത്ഥിച്ചു.