GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ട്രാഫിക് ഫൈനുണ്ടെങ്കിൽ സ്‌പോൺസർഷിപ്പ് മാറ്റാനാകില്ല

ജിദ്ദ : തൊഴിലുടമയുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടച്ചില്ലെങ്കിൽ ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് മാറ്റം വിലക്കുമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. തൊഴിലുടമയുടെ പേരിൽ ട്രാഫിക് പിഴകൾ അടക്കാതെ ബാക്കിയുണ്ടാകുന്ന പക്ഷം ഹൗസ് ഡ്രൈവറുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ കഴിയുമോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മുസാനിദ് പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ തൊഴിലുടമയുടെയോ സ്‌പോൺസർഷിപ്പ് മാറ്റാൻ ആഗ്രഹിക്കുന്ന പുതിയ തൊഴിലുടമയുടെയോ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടക്കാതെ ബാക്കിയുണ്ടെങ്കിൽ സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ നൽകാൻ കഴിയില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു.
വ്യക്തികളായ തൊഴിലുടമകൾക്കിടയിൽ, വ്യവസ്ഥകൾ പൂർണമായ അപേക്ഷകളിൽ മുസാനിദ് പ്ലാറ്റ്‌ഫോം വഴി എളുപ്പത്തിൽ സ്‌പോൺസർഷിപ്പ് മാറ്റാൻ സാധിക്കും. ഇതിന് ആദ്യം നിലവിലെ തൊഴിലുടമ മുസാനിദ് പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകുകയാണ് വേണ്ടത്. തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും വിവരങ്ങൾ നൽകണം. ശേഷം സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിലാളിയും പുതിയ തൊഴിലുടമയും സമ്മതം അറിയിക്കുന്നതോടെ സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയക്കുമെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!