അബുദാബി : ഗാസ യുദ്ധത്തെ തുടര്‍ന്ന് ജോലിക്കായി ഇസ്രായിലിലേക്ക് മടങ്ങാന്‍ അനുവദിക്കാത്ത ഫലസ്തീന്‍ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മാ വേതനം നല്‍കണമെന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പരിഹസിച്ചു തള്ളിയതായി റിപ്പോര്‍ട്ട്.
പണം സെലെന്‍സ്‌കിയോട് ചോദിക്കൂ എന്നാണ് മുഹമ്മദ് ബിന്‍ സായിദ് നെതന്യാഹുവിനോട് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്‌സിയോസ് വാര്‍ത്താ സൈറ്റ് അനുസരിച്ചാണ് ഇസ്രായിലില്‍ ചര്‍ച്ചയായ റിപ്പോര്‍ട്ട്. റഷ്യയുടെ അധിനിവേശത്തിന് ശേഷം ഉക്രൈനാണ് എല്ലാ അന്താരാഷ്ട്ര പിന്തുണയും ലഭിക്കുന്നതെന്നും അത് ഉപയോഗിച്ച് ഉക്രേനിയന്‍ പ്രസിഡന്റിന് പണം നല്‍കാന്‍ കഴിയുമെന്നാണ് യു.എ.ഇ പ്രസിഡന്റ് പരിഹാസത്തോടെ അഭിപ്രായപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ പുനര്‍നിര്‍മ്മാണം നടത്താനും ബില്ലുകള്‍ അടയ്ക്കാനും അറബ് രാജ്യങ്ങള്‍ മുന്നോട്ട് വരുമെന്ന മോഹമാണ് ഇതിനു പിന്നിലന്ന് ഒരു എമിറേറ്റ് ഉദ്യോഗസ്ഥന്‍ ആക്‌സിയോസിനോട് പറഞ്ഞു.
ഹമാസിന്റെ മിന്നല്‍ ആക്രമണത്തിനും തുടര്‍ന്ന് ആരംഭിച്ച ഗാസ യുദ്ധത്തിനും മുമ്പ് വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഏകദേശം ഒന്നര ലക്ഷത്തോളം ഫലസ്തീനികള്‍ ജോലിക്കായി ഇസ്രായിലില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നുവെന്നാണ് കണക്ക്.
തൊഴിലാളികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ ഇസ്രായില്‍ ഉണ്ടാക്കിയ പ്രശ്‌നം പരിഹരിക്കാന്‍ യുഎഇ തയ്യാറാവുമെന്ന് നെതന്യാഹു കരുതിയത് മുഹമ്മദ് ബിന്‍ സായിദിന് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു.