ജിദ്ദ : തവക്കൽനയിലുള്ള തറാസുൽ സർവീസ് വഴി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് വ്യക്തികളുമായി ആശയം വിനിമയം നടത്തുന്നതിനും ഇത്തരത്തിൽ കൈമാറുന്ന വിവരങ്ങളും ഡാറ്റകളും ഔദ്യോഗികമായി പരിഗണിക്കുന്നതിനും സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷൽ ഇന്റലിജൻസ് അതോറിറ്റി നിർദേശം നൽകി. അതോറിറ്റിക്കു കീഴിലുള്ള തവക്കൽന സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക് മാധ്യമമാണ് എന്ന കാര്യം പരിഗണിച്ചാണ് നടപടി. തറാസുൽ വഴി നൽകുന്ന അറിയിപ്പുകൾ, നിർദേശങ്ങൾ എന്നിവ ഇതനുസരിച്ച് സർക്കാർ അംഗീകാരമുള്ള ഇതര ഡോക്യുമെന്റുകൾ പോലെയായിരിക്കും. തറാസുൽ സർവീസ് ഉപയോഗപ്പെടുത്തുന്നതിന് വ്യക്തികളുടെ തിരിച്ചറിയൽ കാഡുകളുമായി സർവീസ് ബന്ധപ്പെടുത്തിയിരിക്കണം. സർവീസ് ഉപയോഗപ്പെടുത്തുന്ന സർക്കാർ വകുപ്പുകൾ തങ്ങളുടെ സേവന നിലവാരം ഉറപ്പു വരുത്തുന്നതിനായി സൗദി എ.ഐ യുമായി കരാറിലെത്തിയിരിക്കണം. തറാസുൽ സർവീസ് ഉപയോഗപ്പെടുത്തുന്നതിനു മുമ്പ് ഉപഭോക്താക്കളിൽ നിന്ന് തറാസുൽ വഴിയുള്ള ആശയ വിനിമയത്തിനും ഡോക്യുമെന്റേഷനും പ്രത്യേക അനുമതി വാങ്ങിയിരിക്കുകയും തീരുമാനത്തിൽ നിന്ന് പിൻമാറാൻ ഉപഭോക്താവിനു സ്വാതന്ത്ര്യമുണ്ടായിരിക്കുകയും വേണം. നോട്ടീസുകളും അറിയിപ്പുകളും വ്യക്തികൾക്ക് ലഭിച്ചിട്ടുണ്ടന്ന് ഉറപ്പു വരുത്താൻ സർക്കാർ വകുപ്പുകൾ തറാസുൽ വഴി ഉപഭോക്താവിനോട് ബന്ധപ്പെടുന്നതിനോടൊപ്പം ഇതര ചാനലുകളിലൂടെയും ഉപഭോക്താവിനോട് ബന്ധപ്പെട്ടിരിക്കണം. നോട്ടിസുകളും റിപ്പോർട്ടുകളും വായിച്ചു കഴിഞ്ഞ ശേഷം നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് സൗകര്യം വേണം. സർവീസ് ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ സ്ഥാപനങ്ങൾ പ്രത്യേകമായി എന്തെങ്കിലും ഫീസുകൾ നൽകേണ്ടതില്ലെന്നും തറാസുൽ ഉപയോഗത്തിന്റെ പുരോഗതി സൗദി മന്ത്രിസഭക്ക് റിപ്പോർട്ടു ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.