റിയാദ് : അമ്പതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ സൗദി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഈ മാസം മുതല്‍ തന്നെ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പരിശീലന പരിപാടികളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുക, യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാര്‍ത്ഥികളെ തൊഴില്‍ വിപണിയിലേക്ക് യോഗ്യത നേടുന്നതിന് പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി എന്‍ജി. അഹമ്മദ് അല്‍റാജ്ഹി പറഞ്ഞു.
വിദ്യാര്‍ഥി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം അംഗീകരിച്ച പഠന പദ്ധതിക്കും തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ക്കും അനുസൃതമായി പരിശീലനം ക്രമീകരിക്കണം. പരിശീലനം നല്‍കുന്ന സ്ഥാപനവും വിദ്യാര്‍ഥികളും തമ്മില്‍ കരാര്‍ ഒപ്പുവെക്കണം. ഏതു തരം പരിശീലനമാണ് നല്‍കുന്നതെന്ന് കരാറില്‍ പറയണം. പരിശീലനം കഴിഞ്ഞാല്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കണം. സ്ഥാപനങ്ങള്‍ ശിക്ഷാനടപടികള്‍ ഇല്ലാതിരിക്കാന്‍ പരിശീലന നടപടികളിലേക്ക് പ്രവേശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.