ദമാം : അശ്ശർഖിയ നഗരസഭ കഴിഞ്ഞ വർഷം നടത്തിയ പരിശോധനകൾക്കിടെ നിയമ ലംഘനങ്ങൾക്ക് 26,000 ലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും വാണിംഗ് നോട്ടീസുകൾ നൽകുകയും ചെയ്തു. നഗരസഭ, ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ 80,000 ലേറെ ഫീൽഡ് പരിശോധനകളാണ് നഗരസഭ ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം നടത്തിയത്. പരിശോധനകളിൽ 150 ഉദ്യോഗസ്ഥർ പങ്കെടുത്തു.
അൽബാഹ പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കഴിഞ്ഞ വർഷം നഗരസഭ 55,205 ഫീൽഡ് പരിശോധനകൾ നടത്തി. ഇതിനിടെ 14,364 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്ത് നിയമ ലംഘകർക്ക് പിഴ ചുമത്തി. ഉപയോഗശൂന്യമായ 14,294 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ മടിച്ചുനിൽക്കില്ലെന്ന് അൽബാഹ മേയർ ഡോ. അലി അൽസവാത്ത് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ടോ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പുറത്തിറക്കിയ ബലദീ ആപ് വഴിയോ റിപ്പോർട്ട് ചെയ്ത് എല്ലാവരും നഗരസഭയുമായി സഹകരിക്കണമെന്ന് അൽബാഹ മേയർ ആവശ്യപ്പെട്ടു.
തബൂക്ക് നഗരസഭ കഴിഞ്ഞ വർഷം 4,61,000 ലേറെ ടൺ ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്തു. ജീവിത നിലവാരവും നഗരമോടിയും മെച്ചപ്പെടുത്താനും ശുചിത്വം നിലനിർത്താനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഗാർഹിക മാലിന്യങ്ങൾ തള്ളുന്ന 1140 കുപ്പത്തൊട്ടികളിൽ നഗരസഭ അറ്റകുറ്റപ്പണികൾ നടത്തുകയും 1328 കുപ്പത്തൊട്ടികളിൽ വീണ്ടും പെയിന്റടിക്കുകയും ചെയ്തു. നഗരസഭ സേവനങ്ങളുമായും മറ്റും ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 8201 പരാതികൾ തബൂക്ക് നഗരസഭക്ക് ലഭിച്ചു. ഇതിൽ 8193 പരാതികളിൽ നടപടികൾ സ്വീകരിച്ചതായും തബൂക്ക് നഗരസഭ അറിയിച്ചു.