ജിദ്ദ : കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ അവസാനം വരെയുള്ള പതിനൊന്നു മാസക്കാലത്ത് സൗദിയിൽ വ്യോമയാന മേഖലയിൽ യാത്രക്കാർ 10.1 കോടിയിലേറെയായി ഉയർന്നതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സൗദി വ്യോമയാന മേഖലാ ചരിത്രത്തിൽ ഒരു വർഷത്തിനിടെ യാത്രക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത് ആദ്യമാണ്. സൗദിയിൽ നിന്ന് നേരിട്ട് വിമാന സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 150 ആയി കഴിഞ്ഞ വർഷം ഉയർന്നു. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം എയർ കണക്ടിവിറ്റി വ്യാപ്തി 42 ശതമാനം തോതിൽ വർധിച്ചു.
കഴിഞ്ഞ കൊല്ലം ആദ്യത്തെ നാലു മാസത്തിനിടെ യാത്രക്കാരുടെ എണ്ണം 42 ശതമാനം തോതിൽ വർധിച്ചു. ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയുള്ള കാലത്ത് വിമാന യാത്രക്കാർ 3.58 കോടിയായി ഉയർന്നു. 2022 ൽ ഇതേ കാലയളവിൽ വിമാന യാത്രക്കാർ 2.53 കോടിയായിരുന്നു. നാലു മാസത്തിനിടെ വിമാന സർവീസുകൾ 23.5 ശതമാനം തോതിൽ ഉയർന്ന് 2,63,000 ആയി. 2022 ആദ്യത്തെ നാലു മാസത്തിനിടെ വിമാന സർവീസുകൾ 2,12,500 ആയിരുന്നു. രാജ്യത്തെ എയർപോർട്ടുകളിൽ നിന്ന് വിമാന സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 131 ആയി ഉയർന്നു. 2022 ആദ്യത്തെ നാലു മാസക്കാലത്ത് 74 വിദേശ നഗരങ്ങളിലേക്കാണ് സർവീസുകളുണ്ടായിരുന്നത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണത്തിൽ 57 ഡെസ്റ്റിനേഷനുകളുടെ വർധന രേഖപ്പെടുത്തി. കൊറോണ മഹാമാരി വ്യാപനത്തിനുമുമ്പ് 2019 ൽ ആദ്യത്തെ നാലു മാസക്കാലത്ത് സൗദിയിൽനിന്ന് 112 വിദേശ നഗരങ്ങളിലേക്കാണ് സർവീസുകളുണ്ടായിരുന്നത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം 19 വിദേശ ഡെസ്റ്റിനേഷനുകളിലേക്ക് അധികം സർവീസുകൾ നടത്തി.
കഴിഞ്ഞ റമദാനിലും ഈദുൽഫിത്ർ അവധിക്കാലത്തും വിമാന യാത്രക്കാർ 1.15 കോടിയായി ഉയർന്നു. തൊട്ടു മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം യാത്രക്കാരുടെ എണ്ണം 25 ശതമാനം തോതിൽ വർധിച്ചു. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ വ്യോമയാന മേഖലയായി സൗദി വ്യോമയാന മേഖലയെ പരിവർത്തിപ്പിക്കാൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. 2030 ഓടെ സൗദിയിൽ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയിൽ നിന്ന് നേരിട്ട് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവർഷം കൈകാര്യം ചെയ്യുന്ന എയർ കാർഗോ 45 ലക്ഷം ടൺ ആയും ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.
അന്താരാഷ്ട്ര എയർ കണക്ടിവിറ്റിയിൽ ലോകത്ത് 13-ാം സ്ഥാനത്തെത്താൻ സൗദി അറേബ്യക്ക് കഴിഞ്ഞു. 2022 ൽ 14-ാം സ്ഥാനത്തും 2019 ൽ 27-ാം സ്ഥാനത്തുമായിരുന്നു സൗദി അറേബ്യ. ജിദ്ദ-കയ്‌റോ റൂട്ട് ലോകത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ അന്താരാഷ്ട്ര റൂട്ട് ആയും മധ്യപൗരസ്ത്യദേശത്തെ ഏറ്റവും തിരക്കേറിയ റൂട്ട് ആയും കഴിഞ്ഞ വർഷം മാറി. റിയാദ്-ദുബായ് റൂട്ട് ലോകത്തെ ഏറ്റവും തിരക്കേറിയ ആറാമത്തെ റൂട്ടും മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ റൂട്ടും ആയും കഴിഞ്ഞ കൊല്ലം മാറി.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ പ്രഖ്യാപനം, റിയാദ് എയർ വിമാന കമ്പനി സ്ഥാപനം, അൽഹസ ഇന്റർനാഷണൽ എയർപോർട്ട് വികസനം, അൽഖസീം പ്രിൻസ് നായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനം, ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ടൂറിസ്റ്റുകൾക്കുള്ള പുതിയ ഓൺഅറൈവൽ വിസാ ലോഞ്ച് ഉദ്ഘാടനം എന്നിവയെല്ലാം കഴിഞ്ഞ വർഷം വ്യോമയാന മേഖല സാക്ഷ്യം വഹിച്ച പ്രധാന പദ്ധതികളും നേട്ടങ്ങളുമാണ്. പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തതോടെ അൽഖസീം പ്രിൻസ് നായിഫ് എയർപോർട്ടിന്റെ പ്രതിവർഷ ശേഷി ഏഴു ലക്ഷം യാത്രക്കാരിൽ നിന്ന് 12.5 ലക്ഷം യാത്രക്കാരായി ഉയർന്നു.