ജിദ്ദ : ഗാസക്കെതിരായ ഇസ്രായില്‍ യുദ്ധം കാരണം മധ്യപൗരസ്ത്യദേശത്തും മേഖലക്ക് പുറത്ത് ചില രാജ്യങ്ങളിലും ബിസിനസ് ഗണ്യമായി കുറഞ്ഞതായി ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ്. ഗാസ യുദ്ധവും മക്‌ഡൊണാള്‍ഡ്‌സ് ബ്രാന്‍ഡിനെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും കാരണം ബിസിനസ് ശ്രദ്ധേയമായ നിലയില്‍ കുറഞ്ഞതായി മക്‌ഡൊണാള്‍ഡ്‌സ് സി.ഇ.ഒ ക്രിസ് കെംപസിന്‍സ്‌കി പറഞ്ഞു. ഇസ്രായില്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ചും ഇസ്രായിലുമായി സാമ്പത്തിക ബന്ധങ്ങളുള്ളതായി വാദിച്ചും മക്‌ഡൊണാള്‍ഡ്‌സും സ്റ്റാര്‍ബക്‌സും അടക്കമുള്ള വന്‍കിട പശ്ചാത്യ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലകള്‍ക്കെതിരെ ജനകീയ ബഹിഷ്‌കരണ കാമ്പയിനുകള്‍ ശക്തിയാര്‍ജിച്ചിട്ടുണ്ട്.
മക്‌ഡൊണാള്‍ഡ്‌സ് പോലുള്ള ബ്രാന്‍ഡുകളെ കുറിച്ച തെറ്റായ വിവരങ്ങള്‍ നിരാശാജനകവും അടിസ്ഥാനരഹിതവുമാണെന്ന് ക്രിസ് കെംപസിന്‍സ്‌കി പറഞ്ഞു. ഇസ്‌ലാമിക രാജ്യങ്ങള്‍ ഉള്‍പ്പെടെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും ആയിരക്കണക്കിന് പൗരന്മാര്‍ക്ക് ജോലി നല്‍കിക്കൊണ്ട് തങ്ങളുടെ സമൂഹങ്ങളെ സേവിക്കാനും പിന്തുണക്കാനും അശ്രാന്തമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഉടമകള്‍ മക്‌ഡൊണാള്‍ഡ്‌സിനെ അഭിമാനത്തോടെ പ്രതിനിധികീരിക്കുന്നതായി ക്രിസ് കെംപസിന്‍സ്‌കി പറഞ്ഞു.
ഇസ്രായില്‍ സൈനികര്‍ക്ക് ആയിരക്കണക്കിന് പേക്കറ്റ് സൗജന്യ ഭക്ഷണം വിതരണം ചെയ്തതായി ഒക്‌ടോബറില്‍ മക്‌ഡൊണാള്‍ഡ്‌സ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ ചെയ്തിയെ പിന്നീട് ചില മുസ്‌ലിം രാജ്യങ്ങളിലെ മക്‌ഡൊണാള്‍ഡ്‌സിന്റെ ഫ്രാഞ്ചൈസികള്‍ തള്ളിപ്പറഞ്ഞു. യുദ്ധസമയത്ത് ആഗോള കമ്പനികളെ നയിക്കുന്ന ധ്രുവീകരിക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയ നയങ്ങളെയാണ് ഇസ്രായില്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്‌ഡൊണാള്‍ഡ്‌സിന്റെ നടപടി ഉയര്‍ത്തിക്കാട്ടിയത്. ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളില്‍ ചില പശ്ചാത്യ ബ്രാന്‍ഡുകളെ ബഹിഷ്‌കരണം ബാധിച്ചിട്ടുണ്ട്. അറബ് പ്രദേശങ്ങള്‍ക്ക് പുറത്ത് മലേഷ്യ അടക്കമുള്ള ചില രാജ്യങ്ങളിലേക്കും ബഹിഷ്‌കരണ കാമ്പയിന്‍ ഇപ്പോള്‍ വ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ ലോകത്തെ 100 ലേറെ രാജ്യങ്ങളിലായി 40,275 റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ് ഫ്രാഞ്ചൈസികള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനി ആഗോള തലത്തില്‍ 2,318 കോടി ഡോളര്‍ വരുമാനം നേടി. ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 ഓളം ഇസ്രായിലികള്‍ കൊല്ലപ്പെട്ടിരുന്നു. അന്നു മുതല്‍ ഇസ്രായില്‍ നടത്തുന്ന വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലും ഇതുവരെ 22,500 ലേറെ ഫലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.