റിയാദ് : നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി റോഡുകളിലെ ടാറിംഗ് പുനരുപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കിത്തുടങ്ങിയതായി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്. പഴയ ടാറിംഗുകള്‍ ചുരണ്ടിയെടുത്ത് അതേ സ്ഥലത്തു തന്നെ ഉടനടി ഉപയോഗിക്കുന്നതാണ് പദ്ധതി. ടാറുകള്‍ ചൂടാക്കി ഉപയോഗിക്കുന്നതിനു പകരം പ്രത്യേക മെഷീനുകളുടെ സഹായത്തോടെ വെള്ളമുപയോഗിച്ച് ശുചീകരിച്ചാണ് വീണ്ടും ഉപയോഗിക്കുന്നത്. കാര്‍ബണ്‍ മലീനീകരണം തടയുക, സമയ, സാമ്പത്തിക നഷ്ടം കുറക്കുക, പ്രകൃതിവിഭവങ്ങളുടെ സ്ഥിരിത ഉറപ്പുവരുത്തുക തുടങ്ങിയവ ലക്ഷ്യമിട്ട് നവീന സാങ്കേതിക വിദ്യകള്‍ പ്രോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. നാലുഘട്ടങ്ങളിലായാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. അഞ്ചു മുതല്‍ പത്തു സെന്റീമീറ്റര്‍ വരെ ആഴത്തില്‍ ടാറിംഗ് ചുരണ്ടിയെടുത്ത് മറ്റു കെമിക്കലുകളുമായി ചേര്‍ത്ത് വെള്ളമുപയോഗിച്ച് ട്രീറ്റു ചെയ്യുകയും ഉപയോഗിക്കേണ്ട സ്ഥലത്തേക്കു തന്നെ തിരിച്ചു നിറക്കുകയും ചെയ്യുന്നു. നാലാംഘട്ടമെന്ന നിലയില്‍ റോഡ് നിരപ്പാക്കുകയുമാണ് ചെയ്യുക. കേടു വന്ന ഹൈവേകളും മറ്റും കാലതാമസമില്ലാതെ ഉടനടി റിപ്പയര്‍ ചെയ്യാന്‍ സാധിക്കുന്നതു മൂലം റോഡുകളുടെ ശോചനീയാവസ്ഥയും കുഴികളും മൂലമുണ്ടായേക്കാവുന്ന അപകടങ്ങള്‍ കുറക്കാന്‍ ഇതു മൂലം സാധിക്കും 2030 ഓടെ രാജ്യത്തെ റോഡുകള്‍ ഗുണ നിലവാര സൂചികയില്‍ അന്താരാഷ്ട്ര തലത്തില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ത്തുകയും റോഡപകട മരണങ്ങള്‍ ഒരു ലക്ഷത്തിന് അഞ്ചു മരണംമെന്ന നിലയിലേക്ക് താഴ്ത്തുവാനും ജനറല്‍ അതോറിറ്റി ഫോര്‍ റോഡ് ലക്ഷ്യമിടുന്നുണ്ട്.