ജിദ്ദ : കഴിഞ്ഞ വർഷം നാലാം പാദത്തിൽ വാണിജ്യ മന്ത്രാലയം 95,000 ലേറെ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ അനുവദിച്ചു. 2022 നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ അനുവദിച്ച പുതിയ കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുടെ എണ്ണം 23 ശതമാനം തോതിൽ വർധിച്ചു. നാലാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 13,97,000 ലേറെ കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുണ്ട്.
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ രജിസ്ട്രേഷനുകളിൽ 38.6 ശതമാനം സൗദി യുവതീയുവാക്കളുടെ പേരിലാണ്. 38 ശതമാനം കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ വനിതകളുടെ പേരിലാണ്. ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അനുവദിച്ച കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുടെ എണ്ണം ഒരു വർഷത്തിനിടെ 24 ശതമാനം തോതിൽ വർധിച്ചു.
ഇ-കൊമേഴ്സ് മേഖലയിൽ പ്രവർത്തിക്കുന്ന 37,400 സ്ഥാപനങ്ങൾക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുണ്ട്. ലോകത്ത് ഓൺലൈൻ വ്യാപാര മേഖലയിൽ ഏറ്റവും വലിയ വളർച്ചയുള്ള പത്തു രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട്. ഓൺലൈൻ സ്റ്റോറുകൾക്ക് ഏറ്റവുമധികം കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 15,000 ഓളം ഓൺലൈൻ സ്റ്റോറുകൾക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുണ്ട്. രണ്ടാംസ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 9,500 ഓളവും കിഴക്കൻ പ്രവിശ്യയിൽ ആറായിരത്തോളവും മദീനയിൽ 1,800 ഓളവും അൽഖസീമിൽ 1,200 ഓളവും ഓൺലൈൻ സ്റ്റോറുകൾക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുണ്ട്.
വരും വർഷങ്ങളിൽ ഓൺലൈൻ വ്യാപാര മേഖലയിൽ 15 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ ഓൺലൈൻ വ്യാപാര മേഖലാ വരുമാനം 260 ബില്യൺ റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ക്ലൗഡ് കംപ്യൂട്ടിംഗ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന 1,700 സ്ഥാപനങ്ങൾക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുണ്ട്. 2022 നാലാം പാദത്തിൽ 1,200 ഓളം ക്ലൗഡ് കംപ്യൂട്ടിംഗ് സേവന സ്ഥാപനങ്ങൾക്കാണ് കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുണ്ടായിരുന്നത്. ഒരു വർഷത്തിനിടെ ക്ലൗഡ് കംപ്യൂട്ടിംഗ് സേവന സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ 40 ശതമാനം തോതിൽ വർധിച്ചു.
പ്രോഗ്രാമിംഗ് മേഖലയിൽ നാലായിരത്തോളം കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുണ്ട്. 2022 നാലാം പാദത്തിൽ ഈ മേഖലയിൽ 3,100 ഓളം കൊമേഴ്സ്യൽ രജിസ്ട്രേഷനുകളാണുണ്ടായിരുന്നത്. ഒരു വർഷത്തിനിടെ ഈ മേഖലയിൽ കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ 28 ശതമാനം വളർച്ചയുണ്ടായി. വിഷ്വൽ ആർട്സ് മേഖലാ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ ഒരു വർഷത്തിനിടെ 103 ശതമാനം തോതിൽ വർധിച്ച് 822 ആയി. റിസോർട്ടുകൾക്കുള്ള കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ 51 ശതമാനം തോതിൽ ഉയർന്ന് 3,300 ഓളവും ബോട്ടിക്ക് ഹോട്ടലുകൾക്കുള്ള കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ 74 ശതമാനം തോതിൽ വർധിച്ച് 1,900 ഓളവും ആയി. മറൈൻ ക്ലബ്ബുകൾക്കുള്ള കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ നാലാം പാദാവസാനത്തോടെ 580 ആയി. 2022 നാലാം പാദത്തിൽ ഈ മേഖലയിൽ 389 കൊമേഴ്സ്യൽ രജിസ്ട്രേഷനുകളാണുണ്ടായിരുന്നത്. ഒരു വർഷത്തിനിടെ മറൈൻ ക്ലബ്ബ് മേഖലയിൽ 49 ശതമാനം വളർച്ച രേഖപ്പെടുത്തി.
കരഗതാഗ, ചരക്ക്നീക്ക മേഖലാ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ 33,400 ആയി ഉയർന്നു. 2022 അവസാന പാദത്തിൽ ഈ മേഖലയിൽ 27,600 കൊമേഴ്സ്യൽ രജിസ്ട്രേഷനുകളാണുണ്ടായിരുന്നത്. ഈ മേഖലയിൽ 21 ശതമാനം വളർച്ച രേഖപ്പെടുത്തി. മെഡിക്കൽ ഉപകരണ വ്യവസായ മേഖലയിൽ ഒരു വർഷത്തിനിടെ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ 28 ശതമാനം തോതിൽ വർധിച്ച് 1,300 ലേറെയായി ഉയർന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കൊമേഴ്സ്യൽ രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് സ്ഥാപന ഉടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥാപന മാനേജറുടെയും ഉടമയുടെയും പേരുവിവരങ്ങൾ, ആശയവിനിമയം നടത്താനുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ, ദേശീയ അഡ്രസ്, വാണിജ്യ പ്രവർത്തനങ്ങൾ, മൂലധനം എന്നിവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത പക്ഷം പിഴ ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.