ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ജനുവരി ഒന്നു മുതല്‍ നിരോധം ഏര്‍പ്പെടുത്തി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഞായറാഴ്ച ഇതുസംബന്ധിച്ച പ്രമേയം പുറത്തിറക്കി.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഇതര വസ്തുക്കളും ഉള്‍പ്പെടെയുള്ള റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ക്കും അവയുടെ മെറ്റീരിയല്‍ ഘടന പരിഗണിക്കാതെ തന്നെ നിരോധം ബാധകമാണ്.
പ്ലാസ്റ്റിക്, നോണ്‍-പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍, ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികള്‍, പഴം, പച്ചക്കറി പൊതിയല്‍, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ഭാഗികമായോ പൂര്‍ണ്ണമായോ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച പാക്കേജിംഗ് സാമഗ്രികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലഘുഭക്ഷണ ബാഗുകള്‍, വെറ്റ് വൈപ്പുകള്‍, ബലൂണുകള്‍എന്നിവക്കും നിരോധം ബാധകമാണ്.
ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വികസന മേഖലകളും ഫ്രീ സോണുകളും ഉള്‍ക്കൊള്ളുന്ന ദുബായിലെ വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.