കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് പാർട്ട്‌ടൈം ജോലിക്ക് അനുമതി. പാർട്ട്‌ടൈം ജോലിയിൽ ഏർപ്പെടാൻ ഒറിജിനൽ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ത്വലാൽ അൽഖാലിദ് പുറപ്പെടുവിച്ചു. പുതിയ നയം ജനുവരി ആദ്യം മുതൽ പ്രാബല്യത്തിൽവരും.
ദിവസത്തിൽ പരമാവധി നാലു മണിക്കൂർ മാത്രമേ പാർട്ട്‌ടൈം ജോലിയിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. ഇതിന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിൽ നിന്ന് അഡീഷനൽ പെർമിറ്റ് നേടണമെന്നും വ്യവസ്ഥയുണ്ട്. നിലവിൽ തൊഴിലാളിക്ഷാമം നേരിടുന്ന കോൺട്രാക്ടിംഗ് മേഖലയെ ഈ സമയ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം നിലവിൽ രാജ്യത്തിനകത്ത് ലഭ്യമായ തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം രാജ്യത്തെ ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ അഭിസംബോധന ചെയ്യാൻ പുതിയ തീരുമാനം സഹായിക്കും. തൊഴിലുടമകളുടെയും സ്വകാര്യ മേഖലാ ജീവനക്കാരുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾ അനുസരിച്ച് ജോലിസ്ഥലത്ത് റിപ്പോർട്ട് ചെയ്യാതെ തന്നെ വിദൂരമായി ചെയ്യാവുന്ന ജോലികളിൽ ഓൺലൈനായി ജോലി ജോലി ചെയ്യാൻ തൊഴിലാളി സംഘങ്ങളെ അനുവദിക്കാൻ തൊഴിലുടമകളെ അനുവദിക്കാനും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന് ത്വലാൽ അൽഖാലിദ് നിർദേശം നൽകിയിട്ടുണ്ട്.
കുവൈത്തിൽ ഒന്നര ലക്ഷത്തോളം അനധികൃത വിദേശ താമസക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. അനധികൃത താമസക്കാർക്കെതിരെ സമീപ കാലത്ത് കുവൈത്ത് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അനധികൃത താമസക്കാരെ സഹായിക്കുന്ന വിദേശികളെയും നാടുകടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമ ലംഘകരെ ജോലിക്കു വെക്കുന്ന കുവൈത്തി പൗരന്മാരും കമ്പനികളും ശക്തമായ നടപടികൾ നേരിടേണ്ടിവരും. കുവൈത്തിലെ ആകെ ജനസംഖ്യ 46 ലക്ഷമാണ്. ഇതിൽ 32 ലക്ഷം വിദേശികളാണ്. കുവൈറ്റൈസേഷൻ എന്ന് വിളിക്കപ്പെടുന്ന തൊഴിൽ നയത്തിന്റെ ഭാഗമായി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനും വിദേശ തൊഴിലാളികൾക്കു പകരം സ്വദേശികളെ നിയമിക്കാനും രാജ്യം ശ്രമിക്കുന്നു.