GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽനിന്ന് ഒരാഴ്ചക്കിടെ 9,500 ലേറെ നിയമ ലംഘകരെ നാടുകടത്തി

ജിദ്ദ : വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ നിന്ന് ഒരാഴ്ചക്കിടെ 9,500 ലേറെ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 21 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 9,542 നിയമ ലംഘകരെയാണ് നാടുകടത്തിയത്. ഇക്കാലയളവിൽ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 11,503 ഇഖാമ നിയമ ലംഘകരും 4,315 നുഴഞ്ഞുകയറ്റക്കാരും 2,735 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 18,553 നിയമ ലംഘകർ പിടിയിലായി.
ഒരാഴ്ചക്കിടെ അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,121 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തിൽ 28 ശതമാനം പേർ യെമനികളും 70 ശതമാനം പേർ എത്യോപ്യക്കാരും രണ്ടു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 73 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 12 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.
നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 52,919 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തിൽ 47,411 പേർ പുരുഷന്മാരും 5,508 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 46,077 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 1,808 പേർക്ക് മടക്കയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!