ജിദ്ദ : ഒരു വർഷത്തിനിടെ 1,58,000 ലേറെ ഗാർഹിക തൊഴിലാളികൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നതായി ഉക്കാദ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
മൂന്നാം പാദാവസാനത്തോടെ സൗദിയിൽ ഗാർഹിക തൊഴിലാളികൾ 35.8 ലക്ഷമായി ഉയർന്നു. കഴിഞ്ഞ കൊല്ലം മൂന്നാം പാദാവസാനത്തെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദാവസാനത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 4.4 ശതമാനം തോതിൽ വർധിച്ചു.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വനിതാ ഗാർഹിക തൊഴിലാളികൾ 10.6 ലക്ഷമാണ്. ഒരു വർഷത്തിനിടെ വനിതാ ഗാർഹിക തൊഴിലാളികളുടെ എണ്ണം 9.5 ശതമാനം തോതിൽ വർധിച്ചു. ഒരു വർഷത്തിനിടെ 91,248 വീട്ടുവേലക്കാരികളാണ് സൗദി തൊഴിൽ വിപണിയിൽ പ്രവേശിച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വേലക്കാരികൾ 9,65,000 ആയിരുന്നു.
സൗദിയിൽ 26.8 ലക്ഷം പുരുഷ ഗാർഹിക തൊഴിലാളികളുള്ളതായി നാഷണൽ ഇൻഫർമേഷൻ സെന്ററിൽനിന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽനിന്നുമുള്ള കണക്കുകൾ അവലംബിച്ച് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. പന്ത്രണ്ടു മാസത്തിനിടെ പുരുഷ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 67,000 പേരുടെ വർധന രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ പുരുഷ ഗാർഹിക തൊഴിലാളികൾ 26.1 ലക്ഷമായിരുന്നു.
വീടുകളിലെ പുരുഷ ക്ലീനിംഗ് തൊഴിലാളികളുടെയും വേലക്കാരുടെയും എണ്ണം എട്ടു ലക്ഷമായി ഉയർന്നു. ഒരു വർഷത്തിനിടെ ഈ വിഭാഗത്തിൽ പെട്ട 45,000 പുതിയ തൊഴിലാളികൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചു. പുരുഷ ക്ലീനിംഗ് തൊഴിലാളികളുടെയും വേലക്കാരുടെയും എണ്ണം ഒരു വർഷത്തിനിടെ ആറു ശതമാനം തോതിൽ വർധിച്ചു. ഹൗസ് ഡ്രൈവർമാരുടെ എണ്ണം ഒരു ശതമാനം തോതിൽ വർധിച്ച് 18 ലക്ഷത്തോളമായി. 23,000 ഹൗസ് ഡ്രൈവർമാരാണ് ഒരു വർഷത്തിനിടെ തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിച്ചത്.
വനിതാ ശുചീകരണ തൊഴിലാളികളുടെയും വേലക്കാരികളുടെയും എണ്ണം പത്തു ശതമാനം തോതിൽ വർധിച്ച് 10.5 ലക്ഷമായി. ഒരു വർഷത്തിനിടെ ഈ വിഭാഗത്തിൽ പെട്ട 91,000 ഓളം വനിതാ തൊഴിലാളികളാണ് രാജ്യത്തെ തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിച്ചത്. ഹോം മാനേജർമാർ, ഹൗസ് ഡ്രൈവർമാർ, വേലക്കാർ-ശുചീകരണ തൊഴിലാളികൾ, പാചകക്കാർ-സപ്ലയർമാർ, ഗാർഡുമാർ, വീടുകളിലെ തോട്ടംതൊഴിലാളികൾ, ഹോം ടൈലർമാർ, ഹോംനഴ്‌സുമാർ, ട്യൂഷൻ ടീച്ചർമാർ-ആയമാർ എന്നീ ഒമ്പതു വിഭാഗം പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളാണ് സൗദിയിലുള്ളത്.