ജിദ്ദ : ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ വിദേശ ടൂറിസ്റ്റുകൾ വഴിയുള്ള വരുമാനത്തിൽ 58 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഒമ്പതു മാസത്തിനിടെ വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ 10,200 കോടി റിയാൽ ചെലവഴിച്ചു. ഈ വർഷം മൂന്നാംപാദത്തിൽ വിദേശ ടൂറിസ്റ്റുകൾ 1,900 കോടി റിയാലാണ് രാജ്യത്ത് ചെലവഴിച്ചത്.
കോവിഡ്-19 മഹാമാരി വ്യാപനത്തിനു മുമ്പ് 2019 ആദ്യത്തെ ഒമ്പതു മാസക്കാലത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദിയിൽ എത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന രേഖപ്പെടുത്തി. കോവിഡ് വ്യാപനത്തിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് സൗദിയിൽ ടൂറിസം മേഖലയിൽ വീണ്ടെടുപ്പ് 150 ശതമാനമായി ഉയർന്നിട്ടുണ്ട്. ആഗോള തലത്തിൽ ഇത് 87 ശതമാനവും മധ്യപൗരസ്ത്യദേശത്ത് 120 ശതമാനവുമാണ്. ജി-20 രാജ്യങ്ങളിൽ ടൂറിസം മേഖലയിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് സൗദിയിലാണ്. ലോകത്ത് ടൂറിസം മേഖലയിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യവും സൗദിയാണ്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ 13-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. 2019 ൽ പട്ടികയിൽ 25-ാം സ്ഥാനത്തായിരുന്നു സൗദി അറേബ്യ. മൂന്നു വർഷത്തിനിടെ പട്ടികയിൽ 12 സ്ഥാനങ്ങൾ മറികടക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. കഴിഞ്ഞ വർഷം 1.66 കോടി വിദേശ വിനോദ സഞ്ചാരികളാണ് സൗദിയിലെത്തിയത്. അന്താരാഷ്ട്ര ടൂറിസം മേഖലാ വരുമാനത്തിൽ കഴിഞ്ഞ വർഷം സൗദി അറേബ്യ ലോകത്ത് 11-ാം സ്ഥാനത്തെത്തി. 2019 ൽ രാജ്യം 27-ാം സ്ഥാനത്തായിരുന്നു. മൂന്നു വർഷത്തിനിടെ പട്ടികയിൽ 16 സ്ഥാനങ്ങൾ മറികടക്കാൻ സൗദി അറേബ്യക്ക് സാധിച്ചു.ഈ വർഷം ആദ്യത്തെ ആറു മാസക്കാലത്ത് 1.46 കോടിയിലേറെ വിദേശ ടൂറിസ്റ്റുകൾ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്ക് 5.36 കോടി ടൂറിസ്റ്റുകളാണ് സൗദിയിലെ വിവിധ നഗരങ്ങൾ ആറു മാസത്തിനിടെ സന്ദർശിച്ചത്. ഇതിൽ 1.46 കോടി വിദേശ ടൂറിസ്റ്റുകളും 3.9 കോടി ആഭ്യന്തര ടൂറിസ്റ്റുകളുമാണ്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകൾ ആറു മാസത്തിനിടെ 15,000 കോടി റിയാൽ ചെലവഴിച്ചു. ഇതിൽ 8,690 കോടി റിയാൽ വിദേശ ടൂറിസ്റ്റുകളും 6,310 കോടി റിയാൽ ആഭ്യന്തര ടൂറിസ്റ്റുകളുമാണ് ചെലവഴിച്ചത്.
കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യത്തെ ആറു മാസത്തിനിടെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 142 ശതമാനവും വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിൽ 132 ശതമാനവും വളർച്ച ഈ വർഷം രേഖപ്പെടുത്തി. ടൂറിസം മേഖലയിൽ ദൃശ്യമായ നിരന്തര വികസനത്തിന്റെ ഫലമായി എല്ലാ ആവശ്യങ്ങൾക്കും സൗദിയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തി.
ഈ കൊല്ലം ആദ്യ പാദത്തിൽ 78 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ സൗദിയിലെത്തി. ഒരു പാദവർഷത്തിൽ സൗദി സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ സർവകാല റെക്കോർഡ് ആണിത്. 2019 ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 64 ശതമാനം തോതിൽ വർധിച്ചു. സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന പ്രധാന മേഖലകളിൽ ഒന്നായി ടൂറിസം മേഖല മാറിയിട്ടുണ്ട്. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2019 ൽ ഇത് മൂന്നു ശതമാനമായിരുന്നു. 2030 ഓടെ പ്രതിവർഷം പത്തു കോടിയിലേറെ വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനും ലക്ഷ്യമിടുന്നു. ടൂറിസം മേഖലാ ജീവനക്കാർ 9,13,000 ആയി ഉയർന്നിട്ടുണ്ട്. 2019 ൽ ഈ മേഖലയിൽ ജീവനക്കാർ 5,79,000 ആയിരുന്നു. 2020 ൽ ടൂറിസം മേഖലയിൽ സൗദിവൽക്കരണം 41 ശതമാനമായിരുന്നു. ഈ വർഷം ഇത് 43 ശതമാനമായി ഉയർന്നിട്ടുണ്ട്. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ വനിതാ പങ്കാളിത്തം 39 ശതമാനത്തിൽനിന്ന് 45 ശതമാനമായി ഉയർന്നിട്ടുണ്ട്. റെഡ്‌സീ, ദിർഇയ, ഖിദിയ പോലുള്ള വൻകിട പദ്ധതികളിലൂടെ ടൂറിസം മേഖലയിൽ സൗദി അറേബ്യ 80,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിവരികയാണെന്നും ടൂറിസം മേഖലയിൽ വളർച്ചയുണ്ടാക്കാൻ ഈ പദ്ധതികൾ സഹായിക്കുമെന്നും ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് പറഞ്ഞു.