മദീന : പ്രവാചക നഗരിയിൽ സൈക്കിൾ സവാരിക്ക് 70 കിലോമീറ്റർ നീളത്തിൽ ഈ വർഷം പുതിയ ട്രാക്കുകൾ നിർമിച്ചതായി മദീന നഗരസഭ അറിയിച്ചു. പ്രധാന റോഡുകളോട് ചേർന്നും ജനവാസ കേന്ദ്രങ്ങളിലുമാണ് സൈക്കിൾ യാത്രികർക്ക് പ്രത്യേക ട്രാക്കുകൾ നിർമിച്ചിരിക്കുന്നത്. വിവിധ കായിക ഇനങ്ങളുടെ പരിശീലനം പ്രോത്സാഹിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊതുസ്ഥലങ്ങൾ സജ്ജീകരിക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് സൈക്കിൾ ട്രാക്കുകൾ നിർമിച്ചിരിക്കുന്നത്.
പുതിയ ട്രാക്കുകൾ തുടക്കക്കാരുടെയും പ്രൊഫഷനൽ സൈക്ലിസ്റ്റുകളുടെയും കഴിവുകൾ വർധിപ്പിക്കാനും നഗരവാസികൾക്കിടയിൽ കായിക, ആരോഗ്യ അവബോധം വർധിപ്പിക്കാനും സഹായിക്കുന്നു. പ്രത്യേക ട്രാക്കുകൾ സജ്ജീകരിക്കുന്നതിലൂടെ ലഘുഗതാഗത മാർഗം എന്നോണം സൈക്കിളുകൾ പ്രയോജനപ്പെടുത്താൻ എല്ലാവർക്കും അവസരമൊരുക്കുകയാണ് ചെയ്യുന്നത്. ആരോഗ്യവും ശാരീരികക്ഷമതയും വർധിപ്പിക്കാനും പൊതുഗതാഗത സംവിധാനത്തിനുള്ളിൽ സുരക്ഷിതമായ ഒരു ബദൽ നൽകാനും പദ്ധതി സഹായിക്കുന്നു.
കരീം ബൈക്ക് സേവനം വഴി സൈക്കിളുകളും സ്‌കൂട്ടറുകളും വാടകക്ക് നൽകാൻ മദീനയിലെ ഭൂരിഭാഗം ഡിസ്ട്രിക്ടുകളിലും പ്രധാന കേന്ദ്രങ്ങളിലുമായി 165 സ്റ്റേഷനുകളുണ്ട്.
നഗരവാസികൾക്കും സന്ദർശകർക്കും ഗതാഗത പ്രക്രിയ സുഗമമാക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമെന്ന നിലയിൽ ഇത് നൂതനമായ പരിഹാരങ്ങൾ നൽകുന്നു. പ്രൊഫഷനുകളും അമച്വർമാരും വികലാംഗരും അടക്കം എല്ലാ വിഭാഗക്കാർക്കും എല്ലാ പ്രായക്കാർക്കും സേവനം നൽകുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സൈക്കിൾ ട്രാക്കുകൾ രൂപകൽപന ചെയ്തിരിക്കുന്നു. വാഹന ഗതാഗതത്തിൽനിന്ന് പൂർണമായും വേർപ്പെടുത്തിയ നിലയിലാണ് സൈക്കിൾ ട്രാക്കുകൾ രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട 33 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 2025 അവസാനത്തോടെ 220 കിലോമീറ്റർ നീളത്തിൽ സൈക്കിൾ ട്രാക്കുകളുടെ സുരക്ഷിത ശൃംഖല വിപുലീകരിക്കാൻ നഗരസഭ ലക്ഷ്യമിടുന്നു.
നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സന്ദർശകരുടെ അനുഭവം സമ്പന്നമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നഗരത്തിലെങ്ങും സൈക്കിൾ ട്രാക്കുകൾ നിർമിക്കുന്നത്. ചരിത്ര കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മസ്ജിദുന്നബവിക്കു സമീപമുള്ള പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും സൈക്കിളുകൾ വാടകക്ക് നൽകുന്നതിന് കരീം ബൈക്ക് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നു.
സുസ്ഥിര ഗതാഗതം കൈവരിക്കാനും പരിസ്ഥിതി ആഘാതം കുറക്കാനും സഹായിക്കുന്ന സൈക്കിൾ സേവനം നഗരത്തിനകത്തെ പ്രധാന ഗതാഗത മാർഗം എന്നോണം സൈക്കിളുകൾ ഉപയോഗിക്കാൻ നഗരവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്നു. ബസ് സ്റ്റേഷനുകളെയും വാണിജ്യ കേന്ദ്രങ്ങളെയും ഷോപ്പിംഗ് മാളുകളെയും മറ്റു സേവന കേന്ദ്രങ്ങളെയും സൈക്കിൾ ട്രാക്കുകളിൽ ബന്ധിപ്പിച്ചിട്ടുണ്ട്. താമസത്തിനും ജോലിക്കും സന്ദർശനത്തിനും മദീനയെ കൂടുതൽ ആകർഷകവും കാര്യക്ഷമവുമാക്കാനുള്ള മദീന പ്രവിശ്യാ തന്ത്രത്തിന്റെ പശ്ചാത്തലത്തിൽ, വേഗത്തിലും കുറഞ്ഞ ചെലവിലും സുരക്ഷിതമായും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സൈക്കിളുകൾ സന്ദർശകരെയും നഗവാസികളെയും സഹായിക്കുന്നു.