ജിദ്ദ : വാഹനങ്ങളുടെ കേടായ നമ്പർ പ്ലേറ്റുകൾ മാറ്റാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി വ്യക്തികൾക്ക് എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും ഇതിന് ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടതില്ലെും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. നഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾക്ക് പകരം പുതിയ നമ്പർ പ്ലേറ്റുകൾക്കുള്ള നടപടികളും വ്യക്തികൾക്ക് ഇതേപോലെ അബ്ശിർ വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
ഇതിന് അബ്ശിർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് വെഹിക്കിൾ ക്ലാസിഫിക്കേഷൻ സർവീസ് ഐക്കൺ തെരഞ്ഞെടുത്ത് വാഹനം രജിസ്റ്റർ ചെയ്ത ട്രാഫിക് ഡയറക്ടറേറ്റ് സെലക്ട് ചെയ്ത് വാഹനത്തിന്റെ ഇനം നിർണയിച്ചും വാഹന നമ്പർ പ്ലേറ്റ് മാറ്റൽ സേവനം തെരഞ്ഞെടുത്തുമാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. വ്യക്തികൾ തമ്മിലെ വാഹന വിൽപന ഇടപാടുകളും അബ്ശിർ വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. വാങ്ങുന്നയാൾ വാഹനം പരിശോധിച്ച്, വിൽക്കുന്നയാളും വാങ്ങുന്നയാളും തമ്മിൽ വിലയുടെ കാര്യത്തിൽ ധാരണയിലെത്തി പരസ്പര സമ്മതത്തോടെ എളുപ്പമാർന്ന നടപടികളിലൂടെ വാഹന വിൽപന ഇടപാട് പൂർത്തിയാക്കാൻ കഴിയുമെന്ന് സൗദി ട്രാഫിക് ഡയറക് ടറേറ്റ് പറഞ്ഞു