ജിദ്ദ : ഈ വർഷം മൂന്നാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8.6 ശതമാനമാണ്. രണ്ടാം പാദത്തിൽ ഇത് 8.3 ശതമാനമായിരുന്നു. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 9.9 ശതമാനമായിരുന്നു.
സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനമായി മൂന്നാം പാദത്തിൽ ഉയർന്നു. രണ്ടാം പാദത്തിൽ ഇത് 15.7 ശതമാനമായിരുന്നു. സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനമായി മൂന്നാം പാദത്തിലും മാറ്റമില്ലാതെ തുടർന്നു. സ്വദേശികളും വിദേശികളും അടക്കമുള്ള സൗദി ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി മൂന്നാം പാദത്തിൽ ഉയർന്നു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ആകെ ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായിരുന്നു.
സ്വദേശി തൊഴിൽ ശേഷിയിൽ വനിതാ പങ്കാളിത്തം മൂന്നാം പാദത്തിൽ 35.9 ശതമാനമായി ഉയർന്നു. രണ്ടാം പാദത്തിൽ ഇത് 35.3 ശതമാനമായിരുന്നു. വനിതാ പങ്കാളിത്തം 25 ശതമാനമായി ഉയർത്താനാണ് ദേശീയ പവർത്തന പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇത് മറികടക്കാൻ സാധിച്ചു. 2017 ൽ സൗദി തൊഴിൽ ശേഷിയിൽ വനിതാ പങ്കാളിത്തം 17 ശതമാനമായിരുന്നു. 2022 മൂന്നാം പാദത്തിൽ തൊഴിൽ ശേഷിയിൽ വനിതാ പങ്കാളിത്തം 37 ശതമാനമായി ഉയർന്നിരുന്നു.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സൗദി പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനും ശക്തമായ ശ്രമങ്ങളാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്നത്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാൻ വിഷൻ 2030 ലക്ഷ്യമിടുന്നു. സമീപ കാലത്ത് നിരവധി മേഖലകളിൽ സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. സെയിൽസ്, പർച്ചേയ്‌സിംഗ്, പ്രൊജക്ട് മാനേജ്‌മെന്റ് തൊഴിലുകളിൽ അഞ്ചു ദിവസം മുമ്പ് മുതൽ സൗദിവൽക്കരണം പ്രാബല്യത്തിൽവന്നിട്ടുണ്ട്. സെയിൽസ് പ്രൊഫഷനുകളിൽ 15 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, സെയിൽസ് സ്‌പെഷ്യലിസ്റ്റ്, ഹോൾസെയിൽ സെയിൽസ് മാനേജർ, ഐ.ടി, കമ്മ്യൂണിക്കേഷൻസ് ഡിവൈസ് സെയിൽസ് സ്‌പെഷ്യലിസ്റ്റ്, സെയിൽസ് റെപ്രസെന്റേറ്റീവ് എന്നീ തൊഴിലുകളാണ് സെയിൽസ് മേഖലയിൽ 15 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയ പ്രധാന പ്രൊഫഷനുകൾ.
പർച്ചേയ്‌സിംഗ് പ്രൊഫഷനുകളിൽ 50 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. പർച്ചേയ്‌സിംഗ് മാനേജർ, പർച്ചേയ്‌സിംഗ് റെപ്രസെന്റേറ്റീവ്, കോൺട്രാക്ട്‌സ് മാനേജർ, ബിഡിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രോക്യുർമെന്റ് സ്‌പെഷ്യലിസ്റ്റ് എന്നിവയാണ് സൗദിവൽക്കരണ പരിധിയിൽ വരുന്ന പ്രധാന പർച്ചേയ്‌സിംഗ് പ്രൊഫഷനുകൾ. പ്രൊജക്ട് മാനേജ്‌മെന്റ് തൊഴിലുകളിൽ ആദ്യ ഘട്ടത്തിൽ 35 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. പ്രൊജക്ട് മാനേജ്‌മെന്റ് മാനേജർ, പ്രൊജക്ട് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, പ്രൊജക്ട് മാനേജർ, പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് സ്‌പെഷ്യലിസ്റ്റ്, കമ്മ്യൂണിക്കേഷൻസ് പ്രൊജക്ട് മാനേജർ, ബിസിനസ് സർവീസ് പ്രൊജക്ട് മാനേജർ എന്നിവയാണ് പ്രൊജക്ട് മാനേജർ തൊഴിലുകളിൽ സൗദിവൽരണം ബാധകമാക്കിയ പ്രധാന പ്രൊഫഷനുകൾ.