റിയാദ് : സൗദിയിൽ ന്യായമായ കാരണം കൂടാതെ പിരിച്ചു വിട്ട ബാങ്ക് ജീവനക്കാരന് 278000 റിയാൽ നഷ്ടപരിഹാരം നൽകാൻ മദീന ലേബർ കോടതി ഉത്തരവിട്ടു. ന്യായമായ കാരണം കൂടാതെയാണ് പിരിച്ചുവിട്ടതെന്നും സർവ്വീസ് ആനുകൂല്യങ്ങളോ കരാറിൽ ബാക്കിയുള്ള മാസങ്ങളിലെ ശമ്പളമോ വാർഷികാവധിയുടെ തുകയോ നൽകിയില്ലെന്ന പരാതിയുമായി മദീനയിലെ ബാങ്കിനെതിരെയായിരുന്നു പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാൾ ലേബർ കോടതിയെ സമീപിച്ചത്. ചെക്കുകൾ മാറുന്നതിലെ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയിട്ടുണ്ടെന്നും വാർഷികാവധിക്കുപകരം ലീവെടുത്തിട്ടുണ്ടെന്ന ന്യായവും നിരത്തി ജീവനക്കാരൻ യാതൊരു വിധ ആനുകൂല്യങ്ങളും അർഹിക്കുന്നില്ലെന്നും ബാങ്ക് പ്രതിനിധി കോടതിയിൽ വാദിച്ചെങ്കിലും അന്തിമ വിധി ബാങ്ക് ജീവനക്കാരന് അനുകൂലമായിരുന്നു. ലീവ് സാലറിയും കരാറിൽ ബാക്കിയുള്ള കാലാവധിക്കു പകരമായ ശമ്പളവും സർവീസ് ആനുകൂല്യങ്ങളുമടക്കം 278000 റിയാൽ നഷ്ടപരിഹാരം നൽകാനും ബാങ്ക് ഉദ്യോഗത്തിലുണ്ടായിരുന്ന 12 വർഷത്തെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റു കൂടി നൽകുന്നതിനും ലേബർ കോടതി ഉത്തരവിടുകയായിരുന്നു.