ജിദ്ദ : നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് നിർണയിച്ച റിസർവ് പ്രദേശങ്ങളിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ വാഹമോടിക്കുന്നതിന് 10,000 റിയാൽ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. ചെടികളുടെയും സസ്യങ്ങളുടെയും നാശം, പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ ആഘാതം, മണ്ണിന്റെ ഉൽപാദനക്ഷമത കുറയൽ എന്നിവ അടക്കം ഹരിത ഇടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് നിരവധി ദോഷങ്ങളുള്ളതായി മന്ത്രാലയം പറഞ്ഞു.
വ്യക്തിഗത തമ്പുകളുടെ ഉപയോഗം, പ്രത്യേക അടുപ്പിൽ തീ കത്തിക്കൽ, പ്രത്യേകം നിർണയിച്ച പാതകൾ ഉപയോഗിക്കൽ, മരങ്ങൾ മുറിക്കാതിരിക്കൽ, വിറകുണ്ടാക്കാതിരിക്കൽ, പൊതുമുതലുകൾ കേടുവരുത്താതിരിക്കൽ എന്നിവ അടക്കമുള്ള വ്യവസ്ഥകൾ പാലിച്ച് റിസർവ് പ്രദേശങ്ങളിൽ ഉല്ലാസ യാത്ര നടത്തുന്നതിന് അനുമതിയുണ്ടെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.