ജിദ്ദ : സബ്‌സിഡി ധനസഹായം അർഹരായ സ്വദേശി ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതി വഴി ഈ വർഷം വിതരണം ചെയ്തത് 43.3 ബില്യൺ റിയാൽ. 2017 ഡിസംബറിൽ ആരംഭിച്ച ശേഷം പദ്ധതി വഴി ഒരു വർഷത്തിനിടെ വിതരണം ചെയ്യുന്ന ഏറ്റവും ഉയർന്ന ധനസഹായമാണിത്. ആഗോള തലത്തിലെ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് അർഹരായ സൗദി കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കഴിഞ്ഞ വർഷം സിറ്റിസൺ അക്കൗണ്ട് പദ്ധതി വഴി വിതരണം ചെയ്ത ധനസഹായത്തേക്കാൾ 35.3 ശതമാനം കൂടുതലാണ് ഈ വർഷം വിതരണം ചെയ്ത ധനസഹായം. കഴിഞ്ഞ കൊല്ലത്തേക്കാൾ 11.3 ബില്യൺ റിയാൽ ഈ വർഷം അധികം വിതരണം ചെയ്തു. കഴിഞ്ഞ കൊല്ലം 32 ബില്യൺ റിയാലാണ് പദ്ധതി വഴി വിതരണം ചെയ്തത്. 2021 ൽ 22.8 ബില്യൺ റിയാൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. 2021 നെ അപേക്ഷിച്ച് 2022 ൽ 9.2 ബില്യൺ റിയാൽ അധികം വിതരണം ചെയ്തു. 2022 ൽ വിതരണം ചെയ്ത ധനസഹായത്തിൽ 40.35 ശതമാനം വർധന രേഖപ്പെടുത്തി. ഈ വർഷാവസാനത്തോടെ സിറ്റിസൺ അക്കൗണ്ട് പദ്ധതി വഴി ആകെ 185 ബില്യൺ റിയാലിന്റെ ധനസഹായമാണ് വിതരണം ചെയ്തത്.