കുവൈത്ത് സിറ്റി – കുവൈത്ത് എയര്‍പോര്‍ട്ടില്‍ റണ്‍വേക്കു സമീപം പക്ഷികളുടെ സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് ഏതാനും വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിട്ടതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അബ്ദുല്ല അല്‍റാജ്ഹി അറിയിച്ചു. ലാന്റിംഗിനും ടേക്ക്ഓഫിനുമിടെ വിമാനങ്ങള്‍ക്കു സമീപം പക്ഷികളുണ്ടാകുന്നത് സൃഷ്ടിക്കുന്ന അപകടങ്ങളില്‍ നിന്ന് യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഏതാനും സര്‍വീസുകള്‍ നീട്ടിവെച്ചത്.
കുവൈത്തിലേക്ക് വന്ന ചില സര്‍വീസുകള്‍ തിരിച്ചുവിടുകയും ചെയ്തു. പക്ഷികള്‍ ഇടിച്ച് വിമാനങ്ങള്‍ക്കും എന്‍ജിനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിമാന സര്‍വീസുകള്‍ നീട്ടിവെക്കണമെന്ന് അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ നടപടികള്‍ അനുശാസിക്കുന്നു. നിയമ, വ്യവസ്ഥകള്‍ക്ക് അനുസൃതമായി പക്ഷികളെ കൈകാര്യം ചെയ്ത ശേഷം മുഴുവന്‍ മുന്‍കരുതല്‍ നടപടികളുടെയും സുരക്ഷ ഉറപ്പുവരുത്തി റണ്‍വേ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായും അബ്ദുല്ല അല്‍റാജ്ഹി പറഞ്ഞു.
ഏഴാം റിംഗ് റോഡിനു സമീപമുള്ള, നഗരസഭാ മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രമാണ് എയര്‍പോര്‍ട്ടില്‍ പക്ഷികളുടെ സാന്നിധ്യത്തിന് കാരണമെന്ന് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ജലവി പറഞ്ഞു. ഈ കേന്ദ്രം എയര്‍പോര്‍ട്ടിനു സമീപമാണ്. വിമാന സര്‍വീസുകള്‍ തടസ്സപ്പെടുത്തിയ പക്ഷികള്‍ എയര്‍പോര്‍ട്ടില്‍ പെരുകാന്‍ കാരണം ഈ കേന്ദ്രമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കത്തയക്കുമെന്നും ഇമാദ് അല്‍ജലവി പറഞ്ഞു.