ജിദ്ദ : എതിർദിശയിൽ വാഹമോടിച്ചതു കാരണം കഴിഞ്ഞ വർഷം സൗദിയിൽ 14,000 ഓളം വാഹനാപകടങ്ങളുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2021 ൽ ഇതേ കാരണത്താൽ രാജ്യത്ത് 12,000 ഓളം വാഹനാപകടങ്ങളാണുണ്ടായത്. കഴിഞ്ഞ വർഷം ഗുരുതരമായ വാഹനാപകടങ്ങൾ 6.8 ശതമാനം തോതിൽ കുറഞ്ഞു. ഗുരുതരമായ വാഹനാപകടങ്ങളിൽ 55.5 ശതമാനവും നഗരങ്ങൾക്കകത്താണ് സംഭവിച്ചത്. കഴിഞ്ഞ വർഷം വാഹനാപകടങ്ങളിലെ മരണങ്ങൾ 2.1 ശതമാനം തോതിലും പരിക്കേറ്റവരുടെ എണ്ണം 4.2 ശതമാനം തോതിലും കുറഞ്ഞു.
വാഹനങ്ങൾ പെട്ടെന്ന് തെന്നിമാറിയതു കാരണമാണ് കഴിഞ്ഞ വർഷം ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടായത്. ഈ കാരണത്താൽ 4,75,000 ഓളം അപകടങ്ങളുണ്ടായിരുന്നു. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തതാണ് രണ്ടാം സ്ഥാനത്ത്. ഈ കാരണത്താൽ കഴിഞ്ഞ കൊല്ലം 4,59,000 വാഹനാപകടങ്ങളും രാജ്യത്തുണ്ടായി. കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 4555 പേർ മരണപ്പെടുകയും 24,400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എതിർദിശയിൽ വാഹനമോടിക്കുന്നത് ഗതാഗത നിയമ ലംഘനത്തിനു പുറമെ നാലു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസായി മാറും. മദ്യ, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിക്കൽ, വാഹനാഭ്യാസ പ്രകടനം, എതിർദിശയിൽ വാഹനമോടിക്കൽ, റെഡ് സിഗ്നൽ കട്ട് ചെയ്യൽ എന്നിവ ഗുരുതരമായ കുറ്റകൃത്യങ്ങളായി പരിഗണിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങൾ മൂലമുള്ള അപകടങ്ങളിൽ ആളപായമുണ്ടാവുകയോ വൈകല്യം സംഭവിക്കുകയോ ചെയ്താൽ കുറ്റക്കാർക്ക് നാലു വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയും നൽകാൻ ട്രാഫിക് നിയമത്തിലെ 62 ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.
ഇത്തരം നിയമ ലംഘനങ്ങൾ കാരണം ഭേദമാകാൻ 15 ദിവസത്തിൽ കൂടുതൽ വേണ്ടിവരുന്ന നിലക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്ന പക്ഷം നിയമ ലംഘകർക്ക് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സ്വകാര്യ അവകാശ കേസുകളിൽ വിധിക്കുന്ന നഷ്ടപരിഹാരത്തിനും മറ്റു ശിക്ഷകൾക്കും പുറമേയാണിതെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.