മദീന : മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദർശനത്തിനുള്ള പെർമിറ്റ് വർഷത്തിൽ ഒരു തവണ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതേ കുറിച്ച് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും ഒടുവിൽ റൗദ ശരീഫ് സന്ദർശനത്തിന് പെർമിറ്റ് നേടി 365 ദിവസത്തിനു ശേഷം റൗദ സന്ദർശനത്തിനുള്ള പെർമിറ്റിന് വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കും. റൗദ ശരീഫ് സിയാറത്തിന് നുസുക്, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റ് നേടൽ നിർബന്ധമാണ്. ഇവർ കൊറോണ ബാധിതരോ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
നിലവിൽ ഉംറ നിർവഹിക്കാനും റൗദ ശരീഫ് സിയാറത്തിനും മാത്രമാണ് മുൻകൂട്ടി പെർമിറ്റ് നേടേണ്ടത്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നമസ്‌കാരങ്ങൾ നിർവഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തി സലാം ചൊല്ലാനും പെർമിറ്റ് ആവശ്യമില്ല. ഉംറ പെർമിറ്റിന് നിയന്ത്രണങ്ങളൊന്നുമില്ല. വിശ്വാസികൾക്ക് എത്ര തവണയും പെർമിറ്റുകൾ നേടി ഉംറ നിർവഹിക്കാവുന്നതാണ്.