ജിദ്ദ : സൗദിയിൽ മൂന്നു ലക്ഷത്തിലേറെ ടാക്‌സികൾ സർവീസ് നടത്തുന്നതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 3,18,839 ടാക്‌സികളാണുള്ളത്. കഴിഞ്ഞ കൊല്ലം ടാക്‌സികളുടെ എണ്ണത്തിൽ 11 ശതമാനം വർധന രേഖപ്പെടുത്തി. 2021 ൽ 2,86,760 ടാക്‌സികളാണ് രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ കൊല്ലം 7.06 കോടി സർവീസുകൾ ടാക്‌സികൾ നടത്തി. 2021 ൽ 6.55 കോടി ടാക്‌സി സർവീസുകളാണ് നടന്നത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ടാക്‌സി സർവീസുകൾ എട്ടു ശതമാനം തോതിൽ വർധിച്ചു.
ടാക്‌സി സർവീസുകൾക്കുള്ള ആവശ്യം വർധിച്ചതും ഓൺലൈൻ ടാക്‌സി ആപ്പുകളുടെ ഉപയോഗവും പ്രധാന നഗരങ്ങളിൽ ടൂറിസം, വിനോദ സീസുകൾ ആരംഭിച്ചതുമെല്ലാം രാജ്യത്ത് ടാക്‌സികളുടെ എണ്ണം ഉയരാൻ ഇടയാക്കി. നഗരസഭകളുമായി സഹകരിച്ച് വ്യാപാര കേന്ദ്രങ്ങളിൽ ടാക്‌സികൾക്ക് പ്രത്യേക പാർക്കിംഗ് ലഭ്യമാക്കാൻ പൊതുഗതാഗ അതോറിറ്റി നടപടികൾ സ്വീകരിച്ചത് ടാക്‌സി സർവീസുകൾ വർധിക്കാൻ സഹായിച്ച ഘടകമാണ്. ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് നഗരസഭകളും പൊതുഗതാഗത അതോറിറ്റിയും സഹകരിച്ച് ഷോപ്പിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ടാക്‌സി കാറുകൾക്ക് പ്രത്യേക പാർക്കിംഗുകൾ ലഭ്യമാക്കിയിരിക്കുന്നത്.
റിയാദ്, ജിദ്ദ, മദീന, ദമാം മെട്രോപോളിറ്റൻ (ദമാം, അൽകോബാർ, ദഹ്‌റാൻ, ഖത്തീഫ്) എന്നീ നഗരങ്ങളിൽ പബ്ലിക് ടാക്‌സി കമ്പനികൾക്കും നിലവിലുള്ള കമ്പനികളിൽ പുതിയ ടാക്‌സി കാറുകൾ ഏർപ്പെടുത്തുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രാലയം കഴിഞ്ഞയാഴ്ച മുതൽ നിർത്തിവെച്ചിട്ടുണ്ട്. പുതിയ ടാക്‌സി കമ്പനികൾക്കും നിലവിലുള്ള കമ്പനികളിൽ പുതിയ ടാക്‌സികൾ ഏർപ്പെടുത്തുന്നതിനും ഇതിനകം പൊതുഗതാഗത അതോറിറ്റിയിൽ നൽകിയ അപേക്ഷകളെ പുതിയ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പായി പബ്ലിക് ടാക്‌സി സർവീസിനു വേണ്ടി കമ്പനികൾ വാങ്ങിയ കാറുകളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ലൈസൻസ് അപേക്ഷകളിലും പുതിയ കാറുകൾ ടാക്‌സികളായി രജിസ്റ്റർ ചെയ്യാനുമുള്ള തുടർ നടപടിക്രമങ്ങൾ മൂന്നു മാസത്തിനകം കമ്പനികൾ പൂർത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്.
റിയാദ്, ജിദ്ദ, മദീന, ദമാം മെട്രോപോളിറ്റൻ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ടാക്‌സി കമ്പനികൾ ലൈസൻസുകൾ പുതുക്കാൻ സമീപിക്കുമ്പോൾ കമ്പനികളുടെ പക്കലുള്ള അതേ എണ്ണം കാറുകൾക്കു മാത്രമായിരിക്കും ലൈസൻസ് പ്രകാരം അനുമതി നൽകുക. പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന നഗരങ്ങളിൽ പുതിയ ടാക്‌സി കമ്പനികൾക്കുള്ള ലൈസൻസ് അപേക്ഷകളും നിലവിലുള്ള കമ്പനികളിൽ പുതിയ ടാക്‌സികൾ ഏർപ്പെടുത്താനുള്ള അപേക്ഷകളും സ്വീകരിക്കുന്നത് നിർത്തിവെക്കാനുള്ള തീരുമാനം ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി കൈക്കൊണ്ടതെന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനം പറഞ്ഞു.