ദോഹ : അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ക്വേക്കര്‍ ബ്രാന്‍ഡ് ഓട്‌സ് ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിനെതിരെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 എന്നീ തീയതികള്‍ക്ക് മുമ്പ് ഉപയോഗിക്കേണ്ട (എക്‌സ്പയറി) ക്വേക്കര്‍ ബ്രാന്‍ഡ് ഓട്‌സ് ഉല്‍പന്നങ്ങളാണ് മന്ത്രാലയം വിലക്കിയത്.
സാല്‍മൊണെല്ല എന്ന രോഗകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം മൂലം ക്വാക്കര്‍ ഈ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
കടകളില്‍ തിരികെ നല്‍കാനോ അറിയിപ്പില്‍ പറഞ്ഞ കാലഹരണ തീയതികള്‍ ഉണ്ടെങ്കില്‍ അവ നശിപ്പിക്കാനോ ആണ് പൊതുജനാരോഗ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാണിജ്യ, വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് മന്ത്രാലയം മറ്റ് മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നം വിപണനം ചെയ്യുന്നത് നിര്‍ത്താനും വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാനും എല്ലാ വിതരണക്കാര്‍ക്കും ഉപഭോക്തൃ അസോസിയേഷനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
കൂടുതല്‍ മുന്‍കരുതല്‍ നടപടിയായി ബന്ധപ്പെട്ട കടകളില്‍ ഇത്തരം സംശയാസ്പദമായ ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് പരിശോധിക്കാന്‍ മന്ത്രാലയം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സാല്‍മൊണെല്ല രോഗകാരിയായ ബാക്ടീരിയയാണ്. ഇത് ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കത്തിനും ഓക്കാനത്തിനും പുറമേ കടുത്ത വയറുവേദനയ്ക്കും കാരണമാകുന്നു