സകാക്ക : അൽജൗഫ് പ്രവിശ്യയിൽ പെട്ട ത്വബർജലിൽ ഈ വർഷം മൂന്നാം പാദത്തിൽ ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ചതിന് 34 വ്യാപാര സ്ഥാപനങ്ങൾ അൽജൗഫ് നഗരസഭ അടപ്പിച്ചു. മൂന്നു മാസത്തിനിടെ ത്വബർജലിൽ 900 വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭാ സംഘങ്ങൾ പരിശോധനകൾ നടത്തിയതായി അൽജൗഫ് നഗരസഭാ വക്താവ് ഉമർ അൽഹംവാൻ പറഞ്ഞു. ഇതിനിടെ നിയമ ലംഘനങ്ങൾക്ക് 120 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. 50 സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തി. ഉപയോഗശൂന്യമായ 450 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മൂന്നു മാസത്തിനിടെ ത്വബർജലിലെ റോഡുകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിൽനിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ജീർണാവസ്ഥയിലുള്ള 85 കാറുകൾ നീക്കം ചെയ്തതായും നഗരസഭാ വക്താവ് പറഞ്ഞു.