ജിദ്ദ – ഡിജിറ്റല്‍ സേവനങ്ങള്‍ വികസിപ്പിക്കാനും ഗുണഭോക്താവിന് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനുമായി പുതിയ സൗദി വിസാ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി അസിസ്റ്റന്റ് വിദേശ മന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി അറിയിച്ചു. പുതിയ പ്ലാറ്റ്‌ഫോം 30 ലേറെ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളെ ബന്ധിപ്പിക്കുന്നതായി രണ്ടാമത് ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറത്തില്‍ പങ്കെടുത്ത് അബ്ദുല്‍ഹാദി അല്‍മന്‍സൂരി വെളിപ്പെടുത്തി. എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൗദി അറേബ്യയുടെ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒരു ദേശീയ പങ്കാളിത്ത പ്ലാറ്റ്‌ഫോം ആണിത്.ഹജ് വിസ, വിനോദസഞ്ചാര ലക്ഷ്യത്തോടെയുള്ള വിസിറ്റ് വിസ, തൊഴില്‍ വിസ, ഉംറ ഉദ്ദേശ്യത്തോടെയുള്ള വിസിറ്റ് വിസ തുടങ്ങി എല്ലായിനത്തിലും പെട്ട വിസാ നടപടികള്‍ എളുപ്പമാക്കാന്‍ 30 ലേറെ സര്‍ക്കാര്‍ മന്ത്രാലയങ്ങളെയും അതോറിറ്റികളെയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയും വിസാ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിസ വഴി 50 ലേറെ സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ മേഖലയെയും ശാക്തീകരിക്കുന്നു. സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനും ലഭ്യമായ വിസകളെ കുറിച്ച് അറിയാന്‍ സന്ദര്‍ശകരെ സഹായിക്കുന്ന സ്മാര്‍ട്ട് സെര്‍ച്ച് എന്‍ജിനും പ്ലാറ്റ്‌ഫോമില്‍ അടങ്ങിയിരിക്കുന്നു. വിസാ വ്യവസ്ഥകളും വിസാ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ചും അറിയാനും വിസകള്‍ അവലോകനം ചെയ്യാനും വീണ്ടും അപേക്ഷിക്കലും എളുപ്പമാക്കുന്ന സന്ദര്‍ശക പ്രൊഫൈല്‍ തയാറാക്കാനും പുതിയ പ്ലാറ്റ്‌ഫോമില്‍ സൗകര്യങ്ങളുണ്ട്. വിസിറ്റ്, ട്രാന്‍സിറ്റ് വിസകള്‍ക്കുള്ള വ്യവസ്ഥകളും വിസാ അപേക്ഷാ നടപടിക്രമങ്ങളും ഒന്നാണ്. വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും പ്ലാറ്റ്‌ഫോമിന്റെ കാര്യക്ഷമത ഉയര്‍ത്താനും നിര്‍മിതബുദ്ധിയും നൂതന സാങ്കേതികവിദ്യകളും പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നുണ്ടെന്നും അബ്ദുല്‍ഹാദി അല്‍മന്‍സൂരി പറഞ്ഞു.