GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സർവീസ് നിലവാരം; റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ മുൻനിരയിൽ

റിയാദ് : സൗദിയിലെ വിമാനത്താവളങ്ങളുടെ സേവനങ്ങൾ അളക്കുന്നതിന് സിവിൽ ഏവിയേഷൻ ആവിഷ്‌കരിച്ച പ്രതിമാസ റേറ്റിംഗിൽ റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ മുൻനിരയിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ അനുഭവം, സേവന മികവ്, നടപടിക്രമങ്ങൾക്കായി ക്യൂകളിൽ നിൽക്കേണ്ടി വരുന്ന സമയം, ലഗേജുകൾ ലഭിക്കുന്നതിനു വേണ്ടി വരുന്ന സമയം, എമിഗ്രേഷൻ കസ്റ്റംസ് പരിശോധനകളുടെ സമയം, പ്രത്യേക പരിചരണം വേണ്ടവർക്കുള്ള സേവനം തുടങ്ങി 11 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിമാനത്താവളങ്ങളുടെ സേവന നിലവാരം അളക്കുന്ന രീതി സിവിൽ ഏവിയേഷൻ ആരംഭിച്ചത്. വ്യക്തതയും മേന്മയും ഉറപ്പുവരുത്താൻ രാജ്യത്തെ വിമാനത്താവളങ്ങളെ അഞ്ചു കാറ്റഗറിയായി തിരിച്ചായിരുന്നു പോയന്റുൾ നൽകിയത്. ഒന്നര കോടി യാത്രക്കാരെത്തുന്ന ഒന്നാം വിഭാഗത്തിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം 91 ശതമാനം പോയന്റോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 82 ശതമാനത്തോടെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം രണ്ടാം സ്ഥാനത്തെത്തി. 50 ലക്ഷം മുതൽ ഒന്നര കോടി വരെ യാത്രക്കാരെത്തുന്ന വിമാനത്താവളങ്ങളിൽ 91 ശതമാനം പോയന്റോടെ ദമാം കിംഗ് ഫഹദ് വിമാനത്താവളവും മദീനയിലെ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളവുമെത്തി. ഇരുപത് ലക്ഷം മുതൽ അമ്പതു ലക്ഷം വരെ യാത്രക്കാരെത്തുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ 91 പോയന്റോടെ അബഹ വിമാനത്താവളം ഒന്നാം സ്ഥാനത്തും 82 പോയന്റോടെ നജ്‌റാനിലെ കിംഗ് അബ്ദുല്ല വിമാനത്താവളവുമെത്തി. നാലാം വിഭാഗത്തിൽ അൽഹസ വിമാനത്താവളവും അഞ്ചാം വിഭാഗത്തിൽ നൂറു പോയന്റോടെ അൽ ഖുറയ്യാത്ത് വിമാനത്താവളവുമെത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!